തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന സ്പേസ് പാർക്ക് ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'എഡ്ജ് 2020'എന്ന് പേരിട്ട ബഹികാരാശ കോൺക്ലേവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ബഹിരാകാശ സാങ്കേതികവിദ്യകളിലൂടെ ഉണ്ടായ പ്രധാന മാറ്റങ്ങളെക്കുറിച്ച് ഉച്ചകോടി ചര്‍ച്ചചെയ്യും. ലോകമെമ്പാടുമുളള ബഹിരാകാശ വിദഗ്ധരും വ്യവസായ പ്രമുഖരുമാണ് രണ്ട് ദിവസത്തെ ഉച്ചകോടിക്കെത്തിയത്. ഐഎസ്ആര്‍ഒ, എയര്‍ബസ്, സ്പെയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലുളളവരും പങ്കെടുത്തു. ബഹിരാകാശ ഗവേഷണത്തിനും വ്യവസായത്തിനുമായി സ്ഥാപിക്കുന്ന തിരുവന്തപുരം സ്പേസ് പാർക്കിന്റെ നേതൃത്വത്തിലാണ് സെമിനാർ നടക്കുന്നത്.

സ്പെയ്സ് പാര്‍ക്കിലൂടെ ഇന്ത്യയുടെ ബഹിരാകാശനഗരമായി തിരുവനന്തപുരത്തെ ഉയര്‍ത്താനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി സ്പേസ് പാർക്ക് ധാരണാപത്രം കൈമാറി. കൊളറാഡോയിലെയും ആസ്ട്രിയയിലെയും പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുമായും   ഉച്ചകോടിയിൽ ധാരണപത്രം ഒപ്പിടും.