തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജലകരാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഇന്ന് ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് വൈകീട്ട് മൂന്നിനാണ് ചർച്ച. പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് കരാർ പ്രകാരമുള്ള വെള്ളം കിട്ടാത്തതാണ് പ്രധാന തർക്ക വിഷയം.

കരാർ പുതുക്കുന്നതും നദീജല കരാർവ്യവസ്ഥകൾ എത്രത്തോളം പാലിച്ചു എന്നതും ചർച്ചയാകും. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം എം മണി, കെ രാജു, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും. തമിഴ്നാട് വൈദ്യുതി മന്ത്രി പി തങ്കമണി, ഗ്രാമവികസന മന്ത്രി എസ് പി വേലുമണി, പരിസ്ഥിതി മന്ത്രി കെ സി കറുപ്പണ്ണന്‍ തുടങ്ങിയവരും യോഗത്തിനെത്തും.