സർക്കാരിന് തിരിച്ചടിയാണെന്ന പ്രചരണം ശരിയല്ല.ഇതിൻ്റെ  സത്യാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതി വിധി വായിച്ചു നോക്കിയാൽ മതിയെന്ന് മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് നിയമ പ്രശ്നമാണ് കോടതി പരിശോധിച്ചത്. പുനർ നിയമനം ആകാമെന്ന് കോടതി വ്യക്തമാക്കി. ഗോപിനാഥിന് വിസി ആയി പുനർ നിയമനം നൽകാൻ പ്രായപരിധി ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. പുനർ നിയമനത്തിലും സേർച്ച് പാനൽ പ്രകാരം നടപടി വേണോയെന്ന നിയമപ്രശ്നത്തിലും ഈ പ്രക്രിയ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പുനർ നിയമനം നിയമപ്രകാരമെന്ന ഹൈകോടതി വിധി സുപ്രീം കോടതി പൂർണമായി അംഗീകരിച്ചു. ഗവർണർ പറഞ്ഞത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് നിയമനമെന്നാണ്. അത് കോടതി തള്ളി. ഗവർണറാണ് വിസിയെ നിയമിച്ചത്. അതേ ഗവർണർ തന്നെ ചട്ടപ്രകാരമല്ല നിയമനമെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധിക്കു ശേഷമുള്ള ഗവർണറുടെ പ്രസ്താവന മറ്റേതെങ്കിലും സ്വാധീനത്തിന് വഴങ്ങിയാണോയെന്ന് സംശയമുണ്ട്. പ്രോ- ചാൻസിലർ, ചാൻസിലർക്കയച്ച കത്താണ് ബാഹ്യസമ്മർദ്ദമായി പറയുന്നത്. അതെങ്ങനെ ബാഹ്യസമ്മർദ്ദമാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇല്ലാത്ത ബാഹ്യസമ്മർദ്ദം ഉണ്ടെന് വരുത്താനാണ് ഗവർണർ ശ്രമിച്ചത്. അതിലുള്ള തിരിച്ചടിയാണിത്. വിധി സർക്കാരിന് തിരിച്ചടിയാണെന്ന പ്രചരണം ശരിയല്ല. ഇതിൻ്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതി വിധി വായിച്ചു നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു

ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി, സ‍ര്‍ക്കാരിനും ഗവര്‍ണ‍ര്‍ക്കും വിമര്‍ശനം