Asianet News MalayalamAsianet News Malayalam

കോടിയേരിയുടെ രാജി പാര്‍ട്ടി കാര്യം, ധാര്‍മ്മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വി മുരളീധരന്‍

കോടിയേരി ബാലകൃഷ്ണന്റെ രാജി പാര്‍ട്ടി വിഷയമാണെന്നും വി മുരളീധരന്‍ ആലുവയില്‍ പറഞ്ഞു. 


 

CM should resign says minister v muraleedharan
Author
Kochi, First Published Nov 14, 2020, 1:25 PM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ ധാര്‍മികത ഉണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കോടിയേരി ബാലകൃഷ്ണന്റെ രാജി പാര്‍ട്ടി വിഷയമാണെന്നും അദ്ദേഹം ആലുവയില്‍പറഞ്ഞു. 

മകന്റെ കേസിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിയത് മുഖ്യമന്ത്രിയുടെ രാജിക്കുള്ള ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. മുഖ്യമന്ത്രി ഒഴിഞ്ഞില്ലെങ്കില്‍ അപമാനം സഹിച്ച് മാറേണ്ടി വരുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോടിയേരി കാണിച്ച മര്യാദ മുഖ്യമന്ത്രി കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

സ്ഥാനമൊഴിഞ്ഞത് കോടിയേരിയെങ്കിലും പ്രതികരണങ്ങളില്‍ ഉടനീളം പ്രതീപക്ഷം ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രിയെയാണ്. പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടേയും ബിജെപി നേതാക്കളുടെയും പ്രതികരണം അത് വ്യക്തമാക്കുന്നു.തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ കോടിയേരി മാറിനില്‍ക്കുന്നത് മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദം കൂട്ടുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നു. 

സ്വര്‍ണ്ണക്കടത്ത്, ലൈഫ് അടക്കം സ്വപ്ന പദ്ധതികളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും, എം ശിവശങ്കറിന്റെ അറസ്റ്റും, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊല്ലിയുയര്‍ന്ന വിവാദങ്ങളും ഇടപെടലുകളും കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി കോടിയേരിയുടെ സ്ഥാനമൊഴിയല്‍. 

മുഖ്യമന്ത്രിക്ക് തുടരാനാവാത്ത സ്ഥിതിയെന്നാണ് മുസ്ലിംലീഗ് പ്രതികരണം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുന്നതടക്കം വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നും ഇത് മുഖ്യമന്ത്രിക്ക് കുരുക്കാകുമെന്നും പ്രതിപക്ഷം പ്രതീക്ഷിക്കുന്നു. അന്വേഷണം പുരോഗമിക്കുന്ന കേസുകളിലും സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലും കേന്ദ്ര ഏജന്‍സികളുടേതടക്കം അന്വേഷണസംഘങ്ങളുടെ വരുംദിവസങ്ങളിലെ നീക്കങ്ങള്‍ പ്രധാനമാണ്.

പിണറായിയുടെയും കോടിയേരിയുടെയും വിശ്വസ്തനായ എ.വിജയരാഘവനെയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വിവാദക്കുരുക്കില്‍ വീഴുമ്പോഴും അടിയുറച്ച പാര്‍ട്ടിക്കാരന്‍ എന്ന പ്രതിച്ഛായയാണ് സിപിഎമ്മില്‍ വിജരാഘവന്റെ മുതല്‍ക്കൂട്ട്. 

Follow Us:
Download App:
  • android
  • ios