പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ, എൽഡിഎഫിന്റെ സിൽവർ ലൈൻ പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ, മെട്രോമാൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി ബദൽ പാതയെക്കുറിച്ച് ചർച്ച ചെയ്യും.
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുകയാണ് പുതുതായി അധികാരത്തിലെത്തിയ വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള റെയിൽപാതയാണ് ലക്ഷ്യമിടുന്നത്. സിൽവർ ലൈനിന് പകരം മറ്റൊരു അതിവേഗ പാതയാണ് യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് വിഡി സതീശൻ, ഇ ശ്രീധരനെ നേരിൽ കാണുന്നത്. ഈ യോഗത്തിൽ നേരത്തെ ഇ ശ്രീധരൻ മുന്നോട്ടുവച്ച ബദൽപാത ചർച്ചയാകുമെന്നാണ് വിവരം.


