തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദരമർപ്പിച്ച് തീര സംരക്ഷണ സേനയുടെ കപ്പൽ ദീപം തെളിയിച്ചു. ശംഖുമുഖം തീരത്താണ് ലൈറ്റ് തെളിയിച്ചത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആദരമര്‍പ്പിച്ചുള്ള പ്രതിരോധസേനയുടെ ഫ്ളൈപാസ്റ്റ് നാളെ നടക്കും. രാവിലെ ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെയും അസമിൽ നിന്ന് ഗുജറാത്തിലെ കച്ച് വരെയും വ്യോമസേനയുടെ വിമാനങ്ങൾ പറക്കും. 

യുദ്ധവിമാനങ്ങളും ഫ്ളൈ പാസ്റ്റിൽ പങ്കെടുക്കും. കൊവിഡ് പരിശോധന നടത്തുന്ന ആശുപത്രികൾക്കുമേൽ വായുസേനയുടെ ഹെലികോപ്റ്ററുകൾ പൂക്കൾ വിതറും. ദില്ലിയിലെ ഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പടെയുള്ള ആശുപത്രികൾക്ക് മുകളിലൂടെ പത്തുമണിയോടെ വായുസേന ഹെലികോപ്റ്ററുകൾ എത്തും. തിരുവനന്തപുരത്തും പത്തുമണിയോടെയാണ് ഹെലികോപ്റ്ററുകൾ പറക്കുക. പൊലീസുകാര്‍ക്ക് ആദരം അര്‍പ്പിച്ച് ദില്ലിയിലെ പൊലീസ് സ്മാരകത്തിൽ സൈനിക മേധാവികൾ രാവിലെ പുഷ്പചക്രം അര്‍പ്പിക്കും.