മഹാത്മഗാന്ധി സർവകലാശാലയിലും വൈസ് ചാൻസലറും വിദ്യാർത്ഥി യൂണിയനും തമ്മിലുള്ള പോര് മുറുകുന്നു. അടുത്തയാഴ്ച നടക്കുന്ന നാഷണൽ കോൺഫറൻസിന്‍റെ പ്രചരണ സാമഗ്രികളിൽ പാറ്റയുടെ ചിത്രങ്ങളും സംഘപരിവാർ വിരുദ്ധ വാചകങ്ങളും ഉൾപ്പെടുത്തിയതാണ് വൈസ് ചാൻസലർ ഡി മാവൂദിനെ ചൊടിപ്പിക്കുന്നത്.
കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയിലെ നാഷണൽ കോൺഫറൻസിന്‍റെ പോസ്റ്ററിൽ പാറ്റയുടെ പടം വെച്ചതിൽ കടുത്ത നടപടിയിലേക്ക് വൈസ് ചാൻസലർ. വിവാദ ചിത്രങ്ങൾ മാറ്റിയില്ലെങ്കിൽ നാഷണൽ കോൺഫറൻസിന് അനുവദിച്ച പണം തിരികെപിടിക്കുമെന്നാണ് വിസിയുടെ മുന്നറിയിപ്പ്. എന്നാൽ വിസിയുടെ നിർദ്ദേശങ്ങൾ ഒന്നും അംഗീകരിക്കില്ലെന്നാണ് സർവകലാശാല യൂണിയന്റെ നിലപാട്
മഹാത്മഗാന്ധി സർവകലാശാലയിലും വൈസ് ചാൻസലറും വിദ്യാർത്ഥി യൂണിയനും തമ്മിലുള്ള പോര് മുറുകുന്നു. അടുത്തയാഴ്ച നടക്കുന്ന നാഷണൽ കോൺഫറൻസിന്‍റെ പ്രചരണ സാമഗ്രികളിൽ പാറ്റയുടെ ചിത്രങ്ങളും സംഘപരിവാർ വിരുദ്ധ വാചകങ്ങളും ഉൾപ്പെടുത്തിയതാണ് വൈസ് ചാൻസലർ ഡി മാവൂദിനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പോസ്റ്ററുകൾ വച്ചതിന് പിന്നാലെ തന്നെ എല്ലാം നീക്കം ചെയ്യണമെന്ന സർക്കുലർ വിസി പുറത്തിറക്കിയിരുന്നു. എന്നാൽ വിസിയുടെ സർക്കുലർ തള്ളി വിദ്യാർത്ഥി യൂണിയനും എസ്എഫ്ഐയും കൂടുതൽ പോസ്റ്ററും ഫ്ലെക്സും സ്ഥാപിച്ചു. ഇതോടെയാണ് വൈസ് ചാൻസലർ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.
സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ചാണ് നാഷണൽ കോൺഫറൻസ് നടത്തുന്നത്. 375000 രൂപ ആകെ അനുവദിച്ചു. ഇതിൽ 281000 രൂപ വിദ്യാർത്ഥി യൂണിയന് കൈമാറി. ഈ പണം തിരികെ പിടിക്കുമെന്നാണ് രജിസ്ട്രാർ സർവകലാശാല യൂണിയന് നൽകിയ കത്തിൽ പറയുന്നത്. എംജി യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് കോഡ് ഓഫ് കണ്ടക്ടിന്‍റെ ലംഘനമാണ് സർവകലാശാല യൂണിയൽ നടത്തിയതെന്നും വിസി. എന്നാൽ വിസിയുടെ നിർദേശങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥി യൂണിയൻ. സർവകലാശാല യൂണിയൻ ഫണ്ട് എന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ച പണമാണ് ഇതെന്നും ഭാരവാഹികൾ പറയുന്നു. രജിസ്ട്രാർ അയച്ച കത്തിനും സർവകലാശാല യൂണിയൻ മറുപടി നൽകി.

