തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിൻറെ ഉടമസ്ഥാവകാശം പരിശോധിക്കാൻ തഹസിൽദാറെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തി. കോടതി ഉത്തരവ് നടപ്പാക്കാൻ തിടുക്കം കാണിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്നത് സംബന്ധിച്ച് റൂറൽ എസ് പി ഇന്ന് റിപ്പോർട്ട് നൽകും.

അച്ഛൻറയും അമ്മയുടേയും മരണത്തിന്റെ ഞെട്ടലിലാണ് നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷം വീട് കോളനിയിലെ വീട്ടിൽ മക്കളായ ര‍ഞ്ജിത്തും രാഹുലും. രാജൻറെയും അമ്പിളിയുടേയും മരണത്തിന് കാരണമായ വസ്തുവിൻറെ ഉടമസ്ഥാവകാശത്തിൻറെ നിജസ്ഥിതി പരിശോധിക്കുകയാണ് സർക്കാർ. ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജൻറെ അയൽവാസി വസന്തയുടെ വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കളക്ടർ നെയ്യാറ്റിൻകര തഹസിൽദാറോട് റിപ്പോർട്ട് തേടിയത്. 

അതേസമയം രാജന്റെ മക്കളുടെ പുനരധിവാസത്തിൽ അടിയന്തിരമായി എന്ത് ചെയ്യണമെന്നതിൽ കലക്ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തുടർനടപടി തീരുമാനിക്കും. രാജനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്ന മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരായ അപ്പീൽ, ഹൈക്കോടതി പരിഗണിച്ച ദിവസം തന്നെ പൊലീസ് തിടക്കം കാട്ടിയെത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണുള്ളത്. രാജനറെ വീട് സന്ദർശിച്ച ഉമ്മൻചാണ്ടിയും പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു. എന്നാൽ പരാതിക്കാരി വസന്ത കോൺഗ്രസ് പ്രവർത്തകയാണെന്നും പാർട്ടി സ്വാധീനം കൊണ്ടാണ് പൊലീസ് തിടുക്കം കാട്ടിയതെന്നും കെ.ആൻസലൻ എംഎൽഎ ആരോപിച്ചു.