തിരുവനന്തപുരം:  യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷത്തിനും കത്തിക്കുത്തിനും പിന്നാലെ  കോളേജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ തീരുമാനം. കോളേജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അഡീ.ഡയറക്ടര്‍ സുമ പറഞ്ഞു. അതേസമയം സംഭവുമായി ബന്ധപ്പെട്ട്  പ്രിന്‍സിപ്പലിന്‍റെ ഭാഗത്ത് തെറ്റില്ല. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന് വീഴ്ചയുണ്ടായത് പരിചയക്കുറവ് മൂലമാണെന്നും അഡീ.ഡയറക്ടര്‍ സുമ പറഞ്ഞു. 

യൂണിവേഴ്‍സിറ്റി കോളേജിലെ സ്‍റ്റേജിന് പിന്നിലുള്ള ഒരുമുറിയാണ് എസ്എഫ്ഐയ്ക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കോളേജ് അധികൃതര്‍ വിട്ടുനല്‍കിയിരുന്നത്. ഇവിടെ വച്ചാണ് എസ്എഫ്ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്മെന്‍റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. എന്നാല്‍ റൂമിനുള്ളില്‍ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്യാസ് അടുപ്പുമടക്കമുള്ള സംവിധാനങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പിടിയിലായതോടെ ലുക്ക് ഔട്ട് നോട്ടീസിലെ അഞ്ച് പ്രതികൾ ഉൾപ്പെടെ ആറുപേരും പൊലീസിന്‍റെ പിടിയിലായി. അതേസമയം കത്തിയെടുത്ത് അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ വെറുമൊരു സംഘര്‍ഷമാണോ അതോ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.