കണ്ണൂര്‍: കണ്ണൂർ വേങ്ങാട് പഞ്ചായത്തിൽ അപേക്ഷിച്ചിട്ടും കൊവിഡ് പോസിറ്റീവായവർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന് പരാതി. വേങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ 12 പേർക്കാണ് ബാലറ്റ് കിട്ടാത്തത്. സാങ്കേതിക പ്രശ്നമാണെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പോസ്റ്റൽ ബാലറ്റ് കിട്ടാത്തവർക്ക് നേരിട്ട് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, കണ്ണൂരിൽ കളളവോട്ട് തടയാൻ പ്രശ്നബാധിത ബുത്തുകളിൽ വെബ് കാം അടക്കമുളള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ വി ഭാസ്കരൻ അറിയിച്ചു. വെബ് കാം ഇല്ലാത്ത സ്ഥലങ്ങളിൽ വോട്ടെടുപ്പ് വീഡിയോയിൽ പകർത്തും. നാല് ജില്ലകളിലും ആവശ്യത്തിന് സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് നിർദ്ദേശിച്ചതായും വി ഭാസ്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.