Asianet News MalayalamAsianet News Malayalam

മോൻസൻ കേസ്: പരാതിക്കാർക്ക് 'നയാപൈസ' കിട്ടില്ല, പ്രതിയുടെ പേരിൽ ഭൂമിയും വസ്തുക്കളും ഇല്ല

മോൻസന്‍റെ പേരിലോ ബിനാമി പേരുകളിലോ സ്വത്തുക്കളുണ്ടോയെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. രജിസ്ട്രേഷൻ വകുപ്പിനും ബാങ്കുകൾക്കും ക്രൈംബ്രാഞ്ച് കത്തുനൽകി

Complainants in Monson Mavunkal case may not get their money back as accused is insolvent
Author
Kochi, First Published Oct 9, 2021, 11:28 AM IST

തിരുവനന്തപുരം: മോൻസൻ കേസിൽ (Monson Mavunkal case) പരാതിക്കാർക്ക് ‘നയാപൈസ’ കിട്ടില്ലെന്ന് വിവരം. പ്രതിയുടെ പേരിൽ ഭൂമിയോ വസ്തുക്കളോ ഇല്ലാത്തതാണ് കാരണം. ആകെയുളളത് ചേർത്തലയിലെ (Cherthala) കുടുംബ സ്വത്ത് മാത്രമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലയിൽ പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം (lost money) തിരികെ കിട്ടിയേക്കില്ലെന്നാണ് വ്യക്തമാകുന്നത്.

മോൻസന്‍റെ പേരിലോ ബിനാമി പേരുകളിലോ സ്വത്തുക്കളുണ്ടോയെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. രജിസ്ട്രേഷൻ വകുപ്പിനും ബാങ്കുകൾക്കും ക്രൈംബ്രാഞ്ച് കത്തുനൽകി. മുഴുവൻ പണവും ധൂർത്തടിച്ചെന്നാണ് മോൻസൻ ആവർത്തിക്കുന്നത്. പാസ്പോർട് ഓഫീസിനും ക്രൈംബ്രാഞ്ച് കത്തു നൽകി. വ്യാജ പാസ്പോർട്ടിൽ ഇയാൾ വിദേശത്ത് പോയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

അതിനിടെ മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി. ആദ്യഘട്ടത്തിൽ മോൻസനും ഇയാളുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. മോൻസന്‍റെ സാമ്പത്തിക – ബാങ്ക് ഇടപാടുകളുടെ രേഖകൾ ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം ശേഖരിച്ചു. അതേസമയം ആദായ നികുതി വകുപ്പ് പരാതിക്കാരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

സംസ്കാര ചാനലിന്റെ ചെയർമാനാകാൻ താൻ പത്ത് ലക്ഷം രൂപ നൽകിയെന്ന് മോൻസൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ഹരിപ്രസാദെന്നയാളാണ് ചാനലിന് വേണ്ടി സമീപിച്ചത്. നടനും സംവിധായകനുമായ രാജസേനനും തന്നെ ഇതേ ആവശ്യത്തിന് സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. മോൻസനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്തു.

മോൻസന്റെ പക്കലുള്ള പുരാവസ്തുക്കളുടെ പരിശോധന സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകൾ സംയുക്തമായാണ് മോൻസന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ പരിശോധിക്കുന്നത്. ഇത് മുഴുവൻ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാൽ ആധികാരികത ഉറപ്പാക്കേണ്ടത് ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണെന്നും  മന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios