സ്ത്രീവിരുദ്ധ പരാമർശം മന്ത്രി നടത്തിയെന്ന് ആരോപിക്കുന്ന വാർത്താ സമ്മേളനത്തിൻ്റ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പരാതിക്കാരിയോട് ആവശ്യപ്പെട്ടു. 

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ തുടർ നടപടിയുമായി അമ്പലപ്പുഴ പൊലീസ്. സ്ത്രീവിരുദ്ധ പരാമർശം മന്ത്രി നടത്തിയെന്ന് ആരോപിക്കുന്ന വാർത്താ സമ്മേളനത്തിൻ്റ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പരാതിക്കാരിയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം പരാതിയിൽ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. അതേസമയം, പ്രശ്നം ഒത്തുതീർപ്പാക്കാൻ പാർട്ടി നേതൃത്വം നടത്തുന്ന ശ്രമങ്ങൾ എല്ലാം പാളുകയാണ്.

മന്ത്രി സുധാകരന്റെയുടെ രൂക്ഷമായ പ്രതികരണങ്ങളാണ് മുൻ പേഴ്സണ‌ൽ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും ചൊടിപ്പിച്ചത്. നേരത്തെ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രശ്നം ഒത്തുതീരുമെന്ന ഘട്ടമെത്തിയെങ്കിലും പരാതിക്കാരി പിൻമാറാൻ തയ്യാറായിരുന്നില്ല. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ജാതീയമായ അധിക്ഷേപിച്ചെന്നുമുള്ള പരാതിയിൽ പറഞ്ഞ കാര്യങ്ങളാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയിലും ആവര്‍ത്തിക്കുന്നത്. 

ആലപ്പുഴയിലെ വിഭാഗീയ നീക്കങ്ങൾ എല്ലാ പരിധികളും ലംഘിച്ചെന്നാണ് സംസ്ഥാന നേതൃത്തിന്‍റെ വിലയിരുത്തൽ. മന്ത്രി ജി സുധാകരൻ ഒരുവശത്തും ആലപ്പുഴ സിപിഎമ്മിലെ പുതിയ ചേരി മറുവശത്തും ശക്തമായി നിലയുറപ്പിച്ചാണ് നീക്കങ്ങൾ. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വിഭാഗീയ പ്രശ്നങ്ങളിൽ വിശദമായ ചർച്ചയാകാം എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.