കൊച്ചി: എംജി യൂണിവേഴ്സിറ്റിയിലെ മാർക്ക് ദാന വിവാദത്തിന് പിന്നാലെ കാലടി സംസ്കൃത സർവകലാശാലയിലും പിഎച്ച്ഡി പ്രവേശനത്തിൽ ക്രമക്കേട് നടന്നതായി പരാതി. പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാർത്ഥിക്ക് പിഎച്ച്ഡിയിൽ പ്രവേശനം ലഭിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു.

കാലടി സംസ്കൃത സർവകലാശാലയിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലാണ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥിനിക്ക് നാലാം റാങ്ക് ലഭിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. പിഎച്ച്ഡി പ്രവേശന പരീക്ഷയിൽ പങ്കെടുക്കാത്തതിനാൽ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ പട്ടികയിൽ വിദ്യാർത്ഥിനിയുടെ പേര് ഇല്ലായിരുന്നു. എന്നാൽ, രണ്ടാം ഘട്ടത്തിൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് അനധികൃതമായി ഈ വിദ്യാർത്ഥിനി ഇടം പിടിച്ചത്. സംഭവം സംബന്ധിച്ച് ഓൾ കേരള റിസർച്ച് സ്കോളേഴ്സ് അസ്സോസിയേഷൻ സർവകലാശാല വൈസ് ചാൻസിലർക്ക് പരാതി നൽകി. ഇതുമൂലം യോഗ്യരായ മറ്റു വിദ്യാർത്ഥികളുടെ അവസരം നഷ്ടമാകുന്നതായും പരാതിയിലുണ്ട്.

സംഭവം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ റാങ്ക് ലിസ്റ്റിലുള്ള കുട്ടിക്ക് ജെആ‌ര്‍എഫ് ഉണ്ടെന്നാണ് ഇംഗ്ലീഷ് വിഭാഗം മേധാവി പറയുന്നത്. ജെആർഎഫ് ഉണ്ടായിരുന്നെങ്കിൽ ആദ്യ ലിസ്റ്റിൽ പേര് വരേണ്ടതായിരുന്നു എന്നാണ് പരാതിക്കാരുടെ വാദം. എന്തായാലും സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസിലർ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടങ്ങാനാണ് എകെആര്‍എസ്എയുടെ തീരുമാനം.