ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ആലപ്പുഴ: ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ശോഭ സുരേന്ദ്രനെതിരെ പരാതിയുമായി ആലപ്പുഴയിലെ ബിജെപി വനിതാ നേതാവ്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വോട്ടിന് പണം നൽകിയ സംഭവം തന്‍റെ തലയിലാക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഫോൺ സംഭാഷണമടക്കമാണ് പരാതി.
ഫോൺ സംഭാഷണം പുറത്ത് വിട്ട് ശോഭയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആലപ്പുഴ നോർത്ത്ജില്ലാ കമ്മറ്റി അംഗവും മുൻ ജില്ല വൈസ് പ്രസിഡൻറുമായിരുന്ന ബിന്ദു വിനയകുമാർ. ശോഭ സുരേന്ദ്രൻ പക്ഷത്തെ എതിർത്തതിന്റെ വൈരാഗ്യമാണ് വോട്ടിന് പണം നൽകിയെന്ന കേസിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമെന്ന് ബിന്ദു പറയുന്നു. കുറ്റം ആരുടെയെങ്കിലും മേൽ കെട്ടിവയ്ക്കാൻ ശ്രമമെന്നും ആരോപണം.
ശോഭയുടെ ആരോപണം തെളിവുകൾ ഇല്ലാതെയെന്നും കുറ്റം ആരുടെയെങ്കിലും തലയിൽ വെയ്ക്കാൻ ശ്രമമെന്നും ബിന്ദു പറയുന്നു. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ പണപ്പിരിവ് നടത്തുന്നെന്നും ആരോപണം. ശോഭ പക്ഷത്തേക്ക് ചേർക്കാൻ ശ്രമിച്ചപ്പോൾ അതിന് തയ്യാറാകാതെ ഇരുന്നതാണ് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നാണ് ബിന്ദു പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട്മുൻപ് ശോഭ സുരേന്ദ്രൻ, പക്ഷക്കാരെ തിരുകി കയറ്റുന്നു എന്നാരോപിച്ചുള്ള ബിന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് നേതൃത്വം ഇടപെട്ട് പോസ്റ്റ് നീക്കം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദം ആലപ്പുഴയിലേക്കും വ്യാപിക്കുകയാണ്.




