Asianet News MalayalamAsianet News Malayalam

സ്കോര്‍ കാര്‍ഡ് തിരുത്തി, യുജിസി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനം

അടിസ്ഥാന യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം പുതിയ തീരുമാനത്തിലൂടെ നിഷേധിക്കപ്പെടും

complaints about mg university lecturer appointment
Author
Kottayam, First Published Jul 25, 2021, 9:39 AM IST

കോട്ടയം: യുജിസി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനം. അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള യുജിസിയുടെ സ്കോര്‍ കാര്‍ഡ് സര്‍വകലാശാല തിരുത്തി. അടിസ്ഥാന യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം പുതിയ തീരുമാനത്തിലൂടെ നിഷേധിക്കപ്പെടും. ഗവേഷക വിദ്യാര്‍ത്ഥി അസോസിയേഷന്‍റെ കത്ത് പരിഗണിച്ചാണ് സര്‍വകലാശാല യുജിസി ചട്ടം മറികടന്ന് വിചിത്രമായ ഉത്തരവ് ഇറക്കിയത്.

എംജി സര്‍വകലാശാലയ്ക്ക് കീഴീല്‍ എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനത്തിലാണ് യുജിസി ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടത്. നിയമ പ്രകാരം രണ്ട് ഘട്ടങ്ങളിലായാണ് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുളള തെരെഞ്ഞെടുപ്പ് നടക്കുന്നത്.നൂറ് മാര്‍ക്കിന്‍റെ ആദ്യ ഘട്ടത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ അക്കാദമിക നിലവാരം പരിശോധിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിലേക്ക് ക്ഷണിക്കും. പൂര്‍ണ്ണമായും അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം ഉദ്യോഗാര്‍ത്ഥിയെ തെരഞ്ഞെടുക്കേണ്ടതെന്ന് 2018 ലെ യുജിസി റെഗുലേഷൻ പറയുന്നു. 

അതായത് നൂറ് മാര്‍ക്കിന്‍റെ ആദ്യത്തെ അക്കാദമിക നിലവാര പരിശോധന അഭിമുഖത്തിലേക്ക് തെരഞ്ഞെടുക്കാനുള്ള ഒരു മാനദണ്ഡം മാത്രമാണ്. അഭിമുഖത്തിലേക്ക് വരുമ്പോള്‍ അടിസ്ഥാന യോഗ്യത ഉള്ളവരും അധിക യോഗ്യത ഉള്ളവരും സമൻമാരാണ്. ഇതാണ് യുജിസി നിയമം എന്നിരിക്കെ അക്കാഡമിക് സ്കോറും അഭിമുഖ പരീക്ഷയുടെ മാര്‍ക്കും ഒരുമിച്ച് കൂട്ടി ഒറ്റമാര്‍ക്കായി പരിഗണിച്ച് അധ്യാപക നിയമനം നടത്താനാണ് എംജി സര്‍വകലാശാല തീരുമാനം. അതായത് അടിസ്ഥാന യോഗ്യതയായ പിജിക്ക് 55 ശതമാനം മാര്‍ക്കും നെറ്റും ഉള്ളവര്‍ തഴയപ്പെടുകയും പിഎച്ച്ഡിയും മറ്റ് അധിക യോഗ്യത ഉള്ളവരും മാത്രം അധ്യാപകരായി നിയമിക്കപ്പെടുകയും ചെയ്യുന്നു

യുജിസി ചട്ടങ്ങള്‍ പാലിച്ച് മാത്രമേ അധ്യാപക നിയമനം നടത്താവൂ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയെങ്കിലും എം ജി സര്‍വകലാശാല അതും പരിഗണിച്ചിട്ടില്ല. റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷൻ എന്ന അഫിലിയേറ്റ് ചെയ്യാത്ത ഒരു കടലാസ് സംഘടനയുടെ കത്ത് മാത്രം പരിഗണിച്ച് എങ്ങനെ ഒരു സര്‍വകലാശാലയ്ക്ക് അടിസ്ഥാന നിയമങ്ങളില്‍ മാറ്റം വരുത്താനാകും എന്നതാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന ചോദ്യം.

എന്നാൽ എംജി സര്‍വകലാശാല ആക്ടില്‍ വിസിക്ക് നല്‍‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് അധ്യാപക നിയമന ചട്ടത്തില്‍ മാറ്റം വരുത്തിയതെന്നാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. യുജിസി റെഗുലേഷന് മുകളില്‍ വിസിമാര്‍ക്ക് എന്ത് പ്രത്യേക അധികാരം എന്ന് പക്ഷേ സര്‍വകലാശാല വിശദീകരിക്കുന്നില്ല. 

Follow Us:
Download App:
  • android
  • ios