Asianet News MalayalamAsianet News Malayalam

സിലബസ് വിവാദത്തിൽ എസ്എഫ്ഐയിൽ അഭിപ്രായ ഭിന്നത: സംസ്ഥാന സെക്രട്ടറിയെ തള്ളി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം

സിലബസ് പിൻവലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ സച്ചിൻ ദേവ് നിലപാട് എടുത്തപ്പോൾ കേന്ദ്ര സെക്രട്ടറിയേറ്റ്  അംഗം നിധീഷ് നാരായണൻ അതിനെ തള്ളി രംഗത്തെത്തി

Conflict in SFI over syllabus issue
Author
Kannur, First Published Sep 10, 2021, 4:50 PM IST

കണ്ണൂർ: വിവാദ സിലബസിനെ ചൊല്ലി എസ്എഫ്ഐയിലെ ഭിന്നത പരസ്യമായി. ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നിലപാട് എടുത്തപ്പോൾ അതിനെ തള്ളി സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗം തന്നെ രംഗത്ത് എത്തിയതോടെയാണ് വിഷയത്തിൽ സംഘടനയുടെ അകത്ത് ഭിന്നാഭിപ്രായമുണ്ടെന്ന കാര്യം പരസ്യമായത്.

കണ്ണൂർ സർവ്വകലാശാലയുടെ വിവാദമായ പിജി സിലബസ് പിൻവലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ സച്ചിൻ ദേവ് നിലപാട് എടുത്തപ്പോൾ കേന്ദ്ര സെക്രട്ടറിയേറ്റ്  അംഗം നിധീഷ് നാരായണൻ അതിനെ തള്ളി രംഗത്തെത്തി. ആർഎസ്എസ് നേതാക്കളുടെ പുസ്തകവും സർവ്വകലാശാലകൾ പഠിപ്പിക്കണമെന്ന് നിധീഷ് നാരായണൻ പറഞ്ഞു. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.കെ.ഹസ്സൻ്റേതാണ് ശരിയായ നിലപാടെന്നും നിധീഷ് വ്യക്തമാക്കി. യൂണിവേഴ്സിറ്റിയിൽ താലിബാനിസം പാടില്ലെന്നും നിധീഷ് നാരായണൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എന്നാൽ താൻ പറയുന്നതാണ് സംഘടനയുടെ ഔദ്യോഗിക നിലപാടെന്നും മാറ്റാരെങ്കിലും പറയുന്നതല്ല സംഘടനയുടെ നിലപാടെന്നും സച്ചിൻ ദേവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.കെ.ഹസ്സൻ്റെ പ്രതികരണം പരിശോധിക്കുമെന്നും സച്ചിൻ ദേവ് അറിയിച്ചു. 

നിധീഷ് നാരായണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് - 

സവർക്കറുടെ ഒരു പുസ്തകം ഞാൻ ആദ്യമായി വായിക്കുന്നത് ജെ എൻ യുവിലെ എംഎ കാലത്താണ്. അതും സംഘപരിവാരത്തിൻ്റെ വലിയ വിമർശകരിൽ ഒരാളായ പ്രഫസർ നിവേദിത മേനോൻ പഠിപ്പിച്ച പൊളിറ്റിക്കൽ തോട്ട് എന്ന കോഴ്സിൻ്റെ ഭാഗമായി. അംബേദ്ക്കറിൻ്റെയും ഗാന്ധിയുടെയും എ കെ രാമാനുജൻ്റെയുമൊക്കെ രചനകൾ ഒപ്പമുണ്ടായിരുന്നു. ആ ക്ലാസിൽ ഇരുന്നിട്ട് ആരെങ്കിലും ഹിന്ദുത്വത്തിൻ്റെ പിന്നാലെ പോയെന്ന് ഏതെങ്കിലും ഒരാൾ പറയുമെന്ന് തോന്നുന്നില്ല.

സവർക്കർ മുന്നോട്ടുവച്ചതുൾപ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സഖാവ് ഹസൻ പറഞ്ഞതിനൊപ്പമാണ്. വിമർശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാദമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്. താലിബാനിസമല്ല.

Follow Us:
Download App:
  • android
  • ios