എന്നാല്‍ സ്ഥാനത്ത് തുടരുന്നതിന്‍റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന നിലപാടിലാണ് ഇരുനേതാക്കളും. തങ്ങള്‍ക്കല്ല ഉത്തരവാദിത്തമെന്നും മാന്യമായി പുറത്തുപോകാൻ അവസരം തേടി കെപിസിസിക്ക് കത്തുനൽകുമെന്നും മഹേഷ് പറഞ്ഞു. 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനഃസംഘടന വൈകുന്നതിനെ ചൊല്ലി തർക്കം വീണ്ടും രൂക്ഷമാകുന്നു. ഡീന്‍ കുര്യാക്കോസും സി ആര്‍ മഹേഷും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമായ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന കമ്മിറ്റി കാലാവധി പൂര്‍ത്തിയാക്കിയിട്ട് ഏഴുവര്‍ഷം പിന്നിട്ടു. ഡീന്‍ കുര്യാക്കോസും സി ആര്‍ മഹേഷും സ്ഥാനം രാജിവെച്ച് പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുനഃസംഘടനയെച്ചൊല്ലിയുള്ള ചര്‍ച്ച വീണ്ടും സജീവമാകുന്നത്.

എന്നാല്‍ സ്ഥാനത്ത് തുടരുന്നതിന്‍റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന നിലപാടിലാണ് ഇരുനേതാക്കളും. തങ്ങള്‍ക്കല്ല ഉത്തരവാദിത്തമെന്നും മാന്യമായി പുറത്തുപോകാൻ അവസരം തേടി കെപിസിസിക്ക് കത്തുനൽകുമെന്നും മഹേഷ് പറഞ്ഞു. തങ്ങളുടെ ഇഷ്ടപ്രകാരമല്ല സ്ഥാനത്ത് തുടരുന്നതെന്ന് പറഞ്ഞ ഡീന്‍, എംപിയായി തെരഞ്ഞെടുത്തപ്പോള്‍ തന്നെ രാജിക്കത്ത് നല്‍കിയിരുന്നെന്നും പറഞ്ഞു. എന്നാല്‍ നേതൃത്വം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 

പുനഃസംഘടന നടത്താതത് ഒരുതലമുറയോട് കാണിക്കുന്ന വലിയ അനീതിയാണ്. രാജിവെക്കാന്‍ തയ്യാറാണെന്ന പതിവ് പ്രതികരണം വേണ്ട. രണ്ടുപേരും രാജിവെച്ച് യൂത്ത് കോൺഗ്രസ്സ് പുനഃസംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങണം. രാഹുൽ ഗാന്ധി രാജിവെച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ലെന്ന് സ്ഥാനത്ത് തുടരാന്‍ നിര്‍ബന്ധിക്കുന്നവരോട് പറയണമെന്നും മാത്യു കുഴല്‍നാടന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.