തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിൽ പിഴ ഈടാക്കാനുളള നടപടിയിൽ സർവ്വത്ര അനിശ്ചിതത്വം. ഇന്ന് മുതൽ പിഴ ഈടാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പരിശോധന നടത്തുന്നത് അടക്കമുളള കാര്യങ്ങളിൽ ഇതുവരെ തീരുമാനമായില്ല. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പുതുവ‌ർഷം മുതൽ പ്രാബല്ല്യത്തിലായെങ്കിലും പിഴ ഈടാക്കുന്നത് 15 മുതലെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് സർക്കാർ നിശ്ചയിച്ച പിഴ. ഉപഭോക്താക്കളെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും വിൽപ്പനക്കാരിൽ നിന്നും പിഴ ഈടാക്കാനായിരുന്നു തീരുമാനം. 

ഇതിനെതിരെ വ്യാപാരികളിൽ നിന്നും ആദ്യഘട്ടത്തിലേ എതിർപ്പുയർന്നിരുന്നു. ഹൈക്കോടതിയിൽ നിയമപോരാട്ടം തുടരുകയുമാണ്, അതിനാൽ കർക്കശമായി നിയമം നടപ്പാക്കാൻ തൽക്കാലം സർക്കാരിന്‍റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഇല്ല. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളുമാണ് പരിശോധനകൾക്ക് നേതൃത്വം നൽകേണ്ടത്. എന്നാൽ രണ്ട് കൂട്ടരും കടകളിൽ പരിശോധന നടത്താനോ പ്ലാസ്റ്റിക് പിടിച്ചെടുക്കാനോ തൽക്കാലം ആലോചിക്കുന്നില്ല. നടപടി ഉണ്ടാകുമെന്ന് പറയുന്നതല്ലാതെ നടപ്പാക്കൽ എങ്ങനെ എന്നതിനെ കുറിച്ച് ഉദ്യോഗസ്ഥർക്കും അവ്യക്തതയാണ്. ബോധവൽക്കരണവും ബദൽമാർഗങ്ങൾ പ്രോത്സാഹിപ്പിക്കലുമായിരുന്നു പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ആദ്യഘട്ടം. ബദൽ ഉൽപന്നങ്ങൾ ആവശ്യത്തിന് വിപണിയിലെത്തിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.