തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിച്ച ജനസാന്ത്വന പദ്ധതിക്ക് സംഭാവനയായി കിട്ടിയ തുക എവിടെയെന്നതിനെ ചൊല്ലി ആശയക്കുഴപ്പം. പദ്ധതിക്കായി 2.25 കോടി സമാഹരിച്ചെന്ന് 2017ൽ സർക്കാർ വ്യക്തമാക്കിരുന്നു. എന്നാൽ പാതിയിൽ നിന്ന് പോയ പദ്ധതിക്ക് സംഭാവന ഇനത്തിൽ കിട്ടിയത് പതിനായിരം രൂപ മാത്രമെന്നാണ് സർക്കാർ രണ്ട് വർഷത്തിന് ശേഷം പറയുന്നത്.

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാ‍ർ ആവിഷ്കരിച്ച പദ്ധതിയാണ് ജനസാന്ത്വന പദ്ധതി. പൊതുജനങ്ങളിൽ നിന്ന് തുക സമാഹരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശ്യം. 2016 ലാണ് ഇതിനായി മുഖ്യമന്ത്രിയുടെ ജനസാന്ത്വനഫണ്ട് എന്ന പേരിൽ പൊതു ക്ഷേമ ഫണ്ട് രൂപികരിച്ചത്. ഇതുവരെ 3.48 ലക്ഷം പേർ പദ്ധതിക്കായി അപേക്ഷിച്ചു. എന്നാൽ ഒരു പൈസ പോലും ആർക്കും നൽകിയില്ല. 2017 ൽ വി എസ് ശിവകുമാറിന്റെ ചോദ്യത്തിന് 2 കോടി 25 ലക്ഷം രൂപ ഫണ്ടിലേക്ക് സ്വരൂപിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി. മൂന്ന് പേരാണ് സംഭാവന നൽകിയത്. സി.എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റ്, ,ഡോ. ബി.ആര്‍ ഷെട്ടി, ബാലകൃഷ്ണ രത്‌നഗിരി പാര്‍ത്ഥന്‍ എന്നിവര്‍ ചേര്‍ന്ന് 2,25,37,360 നല്‍കിയെന്നായിരുന്നു ഉത്തരം. 

ഇനി 2019 ൽ കെ സിജോസഫിന്റെ ചോദ്യത്തിന് സി.എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നിന്നും പതിനായിരം രൂപ സംഭാവന കിട്ടിയെന്നായിരുന്നു മറുപടി. മറ്റ് സംഭാവനകൾ കിട്ടിയിട്ടില്ല. എങ്കിൽ രണ്ട് വർഷം കൊണ്ട് ബാക്കി 2,25,37,360 എവിടെ അപ്രത്യക്ഷമായി എന്നതാണ് ചോദ്യം. എന്നാൽ ജനസാന്ത്വന പദ്ധതിയുടെ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നും ഫണ്ടൊന്നും കിട്ടിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചത്. നിയമസഭ ചോദ്യോത്തരത്തിലെ വൈരുദ്ധ്യത്തെ കുറിച്ച് കൃത്യമായ മറുപടി നൽകാനും തയ്യാറായില്ല.