കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത കൂടുതല്‍ പേര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. 43 പേര്‍ കൂടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി. മുന്‍ പിണറായി പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വോട്ട് ചെയ്ത ആറ് പേരെക്കുറിച്ചുള്ള വിവരങ്ങളും പരാതിയിലുണ്ട്. ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ക്കെതിരേയും പരാതിയില്‍ ക്രമക്കേടുകള്‍ ആരോപിക്കുന്നുണ്ട്. തള്ളിപ്പറമ്പ് 47-ാം ബൂത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് കള്ളവോട്ട് നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.