കൊല്ലം: ബിനോയ് കോടിയേരിക്കെതിരെ യുവതി നല്‍കിയ പരാതി രാഷ്ട്രീയ ചര്‍ച്ചയായി മാറുകയാണ്. സോഷ്യല്‍ മീഡിയയില്‍ ട്രോളായും രാഷ്ട്രീയ വിമര്‍ശനവുമായി ഇതില്‍ പ്രതികരണങ്ങള്‍ ഉയരുമ്പോള്‍ രാഷ്ട്രീയ നേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് എതിരായ പരാതിയെ രാഷ്ട്രീയമായി തന്നെ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കൊല്ലം ഡിസിസി പ്രസിഡന്‍റും വനിത കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവത്തില്‍ തന്‍റെ പ്രതികരണം നടത്തിയത്.

നോട്ടുകൾ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങൾ അധ്വാനിച്ച്‌ സമ്പാദിക്കുന്ന ദിവസക്കൂലിയിൽ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്താൻ പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാകാം ഡാൻസ് ബാറുകളിൽ മക്കൾ വാരി വിതറുന്നത്.

കഴിഞ്ഞ വർഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോൾ സംരക്ഷിച്ചത് സംസ്ഥാന സർക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാർ, എംഎൽഎ മാർ, പാർട്ടി സെക്രട്ടറി, അവരുടെ മക്കൾ, ബന്ധുക്കൾ എന്നിവരെയൊക്കെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ഇടതുപക്ഷ സർക്കാർ ഭരിക്കുന്നത്. എന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവുകൾ നിരത്തിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. നോട്ടുകൾ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങൾ അധ്വാനിച്ച്‌ സമ്പാദിക്കുന്ന ദിവസക്കൂലിയിൽ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്താൻ പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാകാം ഡാൻസ് ബാറുകളിൽ മക്കൾ വാരി വിതറുന്നത്.

കഴിഞ്ഞ വർഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോൾ സംരക്ഷിച്ചത് സംസ്ഥാന സർക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാർ, എംഎൽഎ മാർ, പാർട്ടി സെക്രട്ടറി, അവരുടെ മക്കൾ, ബന്ധുക്കൾ എന്നിവരെയൊക്കെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ഇടതുപക്ഷ സർക്കാർ ഭരിക്കുന്നത്.

ഇത് ലജ്ജാകരമാണ്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരിൽ അധികാരത്തിലേറിയ സർക്കാർ പീഡനക്കേസ് പ്രതികൾക്ക് സുരക്ഷ ഒരുക്കുകയാണ്.