പുലിയൂര്‍: ജനിച്ച് വളര്‍ന്ന നാട്ടിലെ ക്ഷേത്രത്തില്‍ തിരുവോണ ദിവസം ചെന്നപ്പോള്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറിന്‍റെ മകള്‍ ജ്യോതികുമാറിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. പുലിയൂര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവത്തെക്കുറിച്ച് എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായതെന്ന ചോദ്യത്തോടെയായിരുന്നു ജ്യോതി ഫേസ്ബുക്കില്‍ എഴുതിയത്. 

ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്ന സംഭവമെന്ന് വ്യക്തമാക്കിയ കുറിപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ജ്യോതി നേരിട്ടത്. വാഹനം അമ്പലനടയ്ക്ക് നേരെയാണ് ഇട്ടതെന്ന് വിശദമാക്കുന്ന രീതിയിലും ജ്യോതിയെ അപമാനിക്കുന്ന രീതിയിലും കുറിപ്പിന് പ്രതികരണങ്ങള്‍ ലഭിച്ചത് കുറഞ്ഞ സമയത്തിനുള്ളിലാണ്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് ജ്യോതി തന്നെയാണ് ഫേസ്ബുക്കില്‍ വിശദമാക്കിയത്.

സൈബര്‍ ആക്രമണങ്ങളില്‍ പതറിയിട്ടില്ല, പതറുകയുമില്ല, നിശ്ശബ്ദമാകുകയുമില്ലെന്ന് ജ്യോതി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ജീവിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്താണെന്ന് ജ്യോതി വ്യക്തമാക്കി കഴിഞ്ഞു.  അഭിപ്രായത്തെ സഭ്യേതരമായ, സംഘടിതമായ കൂട്ട സൈബർ അധിക്ഷേപങ്ങളിലൂടെ, ആക്രമണങ്ങളിലൂടെ, ഇല്ലാതാക്കാമെന്നും അപ്രസക്തമാക്കാനും നിശ്ശബ്ദമാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജ്യോതി  വിശദമാക്കുന്നു. ഭയപ്പെടാനും സൈബർ ആക്രമണത്തിനു മുമ്പിൽ തലകുനിച്ച് അഭിപ്രായ സ്വാതന്ത്യം ഒന്നിനു മുമ്പിലും അടിയറ വയ്ക്കാനും അല്പം പോലും തയ്യാറല്ലെന്നും ജ്യോതി നിലപാട് വ്യക്തമാക്കി. 

തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി രാഹുല്‍, സോണിയയടക്കമുള്ള നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലൂടെ സുപരിചിതയാണ്.