പത്തനംതിട്ട: നിർണ്ണായക പ്രവർത്തകസമിതി യോഗം നാളെ ചേരാനിരിക്കെ കോൺഗ്രസിൽ ആശയക്കുഴപ്പം രൂക്ഷമാകുന്നു. പാർട്ടി സംഘടനാ രീതിയിൽ അടിമുടി മാറ്റം വേണമെന്നും പാർലമെൻററി ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് നല്കി. കേരളത്തിൽ നിന്ന് പിജെ കുര്യൻ, ശശി തരൂർ എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. 

കോൺഗ്രസിൽ ഒരു സ്ഥിരം നേതൃത്വം ആവശ്യമാണെന്നും ഇക്കാര്യമാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും മുതിര്‍ന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകരെ ഏകോപിച്ച് കൊണ്ട് പോകാൻ കഴിയണം. അതിന് രാഹുൽ ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ സ്ഥാനം ഏറ്റെടുക്കണം. ഇവർ തയ്യാറായില്ലെങ്കിൽ പുറത്ത് നിന്ന് ആളെ കണ്ടത്തണം. രാഹുൽ ഗാന്ധി സ്വയം തയ്യാറായി മുന്നോട് വരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ടെന്നും കുര്യൻ വ്യക്തമാക്കിയിട്ടുണ്ട്. 

അസാധാരണ നീക്കമാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നത്. സംഘടനയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് 23 നേതാക്കളുടെ കത്ത് വലിയ രാഷ്ട്രീയ പ്രധാന്യമാണുള്ളത്. കോൺഗ്രസ് പ്രവർത്തകസമിതിയിൽ 23 സ്ഥിരം അംഗങ്ങളാണ് ഉള്ളത്. 15 സ്ഥിരം ക്ഷണിതാക്കളും പതിനൊന്ന് പ്രത്യേക ക്ഷണിതാക്കളും ഉണ്ട്. പ്രവർത്തക സമിതിയിലെ ഏഴുപേർ ഉൾപ്പടെ 23 പേരാണ് സംഘടനയിൽ മാറ്റം ആവശ്യപ്പെട്ട് സോണിയഗാന്ധിക്ക് കത്ത് നല്കിയത്.

സംഘടനയ്ക്ക് പൂർണ്ണസമയ സജീവ പ്രസിഡൻറ് വേണം എന്നതാണ് ആദ്യ ആവശ്യം പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ തീരുമാനിക്കാൻ പാർലമെൻറി ബോർഡ് രൂപീകരിക്കണം. പാർട്ടിക്കുള്ളിൽ സംഘടന തെരഞ്ഞെടുപ്പ് നടത്തണം. സംസ്ഥാന ഘടകങ്ങളെ ശാക്തീകരിക്കണം. നരേന്ദ്ര മോദിക്ക് യുവ വോട്ടർമാരുടെ പിന്തുണ കിട്ടുന്നതിനെക്കുറിച്ച് തുറന്ന ചർച്ച  ആവശ്യവും ഉണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ, ഭൂപീന്ദർസിംഗ് ഹൂഡ, മുകുൾ വാസ്നിക്, വീരപ്പമൊയ്ലി എന്നീ മുതിര്‍ന്ന നേതാക്കൾക്കൊപ്പം ജിതിൻ പ്രസാദ, മിലിന്ദ് ദേവ്റ, മനീഷ് തിവാരി തുടങ്ങിയ യുവനേതാക്കളും കത്തിൽ ഒപ്പുവച്ചു.