പ്രതിപക്ഷ നേതാവിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ചെന്നിത്തലയും മുതിർന്ന നേതാക്കളും. രാജി അനിവാര്യമെന്ന നിലപാടിൽ വനിത നേതാക്കൾ.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കൂട്ടത്തോടെ നേതാക്കള്‍. രാജിയില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണം. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്

പാര്‍ട്ടിയുടെ ഏക വനിതാ എംഎൽഎയായ ഉമാ തോമസും വനിതാ നേതാക്കളും രാഹുൽ രാജി വേക്കണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തി. പൊതുരംഗത്ത് നിന്നടക്കം രാഹുൽ മാങ്കൂട്ടത്തിൽ മാറി നിൽക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും രാജി വേണമെന്ന് ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു. പ്രതിസന്ധി കടന്ന് തിളങ്ങുന്ന പ്രതിച്ഛായയുമായി പാര്‍ട്ടി തിരികെ വരാൻ രാഹുലിന്‍റെ രാജി അനിവാര്യമെന്നാണ് നേതാക്കളുടെ അഭിപ്രായം. കൂടിയാലോചനകളിൽ പ്രധാന നേതാക്കളും രാജി കൊണ്ടേ രക്ഷയുള്ളൂവെന്ന് നിലപാട് നേതൃത്വത്തെ അറിയിച്ചു.

ഇനിയും വെളിപ്പെടുത്തലുകള്‍ വന്നാൽ പാര്‍ട്ടിക്ക് കൂടുതൽ ക്ഷതമുണ്ടാകുമെന്നതിനാൽ രാജി ആവശ്യപ്പെടണമെന്ന് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷിയെയും സണ്ണി ജോസഫിനെയും അറിയിച്ചു. എത്രയും വേഗം രാജിവച്ചാൽ അത്രയും പാര്‍ട്ടിക്ക് നല്ലതെന്ന് അഭിപ്രായം മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരൻ ഹൈക്കമാന്‍ഡിനെ അടക്കം അറിയിച്ചു. രാഹുൽ ഇനി ഒപ്പം വേണ്ടെന്ന് നിലപാടിൽ ഉറച്ചു നിൽക്കുന്ന പ്രതിപക്ഷ നേതാവ് പക്ഷേ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. വിഴുപ്പ് ചുമക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞ ജോസഫ് വാഴയ്ക്കൻ രാഹുലിനെതിരെ തുറന്നടിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യത്തിൽ കൂട്ടത്തോടെ നേതാക്കള്‍ ഇറങ്ങുന്പോഴും ഉപതെരഞ്ഞെടുപ്പ് സാധ്യതയെ നേതൃത്വം ഭയക്കുന്നു. കളത്തിലിറങ്ങാൻ പോലും കഴിയാത്ത വിധം തിരിച്ചടിയേൽക്കുമോയെന്ന് ആശങ്കപ്പെടുന്നു. ഉപതെരഞ്ഞെടുപ്പ് സാധ്യതയിൽ നിയമോപദേശവും കെപിസിസി തേടിയിട്ടുണ്ട്. വരും വരായ്കളെക്കുറിച്ച് കരുതലോടെ ആലോചിച്ചേ വലിയ തീരുമാനം എടുക്കാനാകൂവെന്നാണ് നേതൃത്വത്തി‍ന്‍റെ ലൈൻ.

ആവശ്യപ്പെട്ടാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് അടുപ്പമുള്ള നേതാക്കളെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചിട്ടുണ്ട്. രാജിക്ക് വഴങ്ങുന്നില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനാണ് ആലോചന. ആദ്യ പടിയായി സസ്പെന്‍ഡ് ചെയ്യണം. അന്വേഷണ സമിതിയിയെ വച്ച ശേഷം ആറ് വര്‍ഷത്തേയ്ക്ക് പുറത്താക്കണമെന്നാണ് ചര്‍ച്ചകളിലുണ്ടായ നിര്‍ദ്ദേശം.