കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. 

കോട്ടയം: കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്‍താവനയ്ക്ക് പിന്നാലെ ബിഷപ്പിന് പിന്തുണയുമായി ജോസഫ് പെരുന്തോട്ടം ലേഖനം എഴുതിയിരുന്നു. 

പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശമുണ്ടാക്കിയ കോളിളക്കത്തിനിടെയാണ് കോൺഗ്രസ് മധ്യസ്ഥരുടെ റോൾ ഏറ്റെടുക്കുന്നത്. പാലാ ബിഷപ്പിനെ അതിരൂക്ഷമായി സതീശൻ വിമർശിച്ചതിൽ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ എതിർപ്പ് കുറയ്ക്കലുമാണ് ലക്ഷ്യം. സർവ്വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാ‍ർ പരിഗണിക്കാത്തതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. 

മുസ്ലീം മതമേലധ്യക്ഷന്മാരെയും കണ്ട് അടുത്ത ഘട്ടത്തിൽ ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തി ചർച്ചയ്ക്ക് കൂടിയാണ് കോൺഗ്രസ് ശ്രമം. ഉച്ചക്ക് സുധാകരൻ പാലാ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും. പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ച്ചയില്‍ സതീശനില്ലെന്നതും ശ്രദ്ധേയമാണ്. സതീശൻ സ്വയം പിൻവാങ്ങിയതോ, ബിഷപ്പ് ആവശ്യപ്പെട്ട പ്രകാരമാണോ എന്ന് വ്യക്തമല്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona