തിരുവനന്തപുരം: നിർണ്ണായക അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന ജോസിനോട് ഇനി സന്ധി ചെയ്യേണ്ടെന്ന കോൺഗ്രസ് ധാരണക്ക് ലീഗും കൈകൊടുക്കുന്നു. പാണക്കാടെത്തി ഹൈദരാലി ശിഹാബ് തങ്ങളുമായി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയിലും ജോസ് പ്രശ്‍നം ചർച്ചയായി. തിരുത്താനുള്ള അവസാന അവസരം കൂടി ജോസ് കളഞ്ഞുവെന്നാണ് കോൺഗ്രസ്സിന്‍റെയും ലീഗിന്‍റെയും വിലയിരുത്തൽ. ജോസിന്‍റെ കാര്യത്തിൽ മൃദുസമീപനം ഇതുവരെ എടുത്ത ലീഗ് കൈവിട്ടതോടെ ജോസിന്‍റെ പുറത്താകൽ ഉറപ്പാകുകയാണ്.

അതേസമയം കലങ്ങിയ യുഡിഎഫ് കുളത്തിൽ വീണ്ടും ചൂണ്ടയിടുകയാണ് സിപിഎം. രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ വിട്ടു നിന്ന ജോസ് പക്ഷത്തെ ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി അഭിനന്ദിച്ചത് ജോസ് വിഭാഗം കേരള കോണ്‍ഗ്രസിനോട് സിപിഎം ഒരു ചുവട് കൂടി അടുക്കുന്നതിന്‍റെ വ്യക്തമായ സൂചനയായി. ജോസ് പക്ഷത്തോട് തൊട്ടുകൂടായ്മയില്ലെന്ന് ഇ പി ജയരാജനും മാണിയുടെ മരണത്തോടെ മുൻ വിയോജിപ്പുകൾ അവസാനിച്ചതായി എൽഡിഎഫ് കണ്‍വീനറും വ്യക്തമാക്കി കഴിഞ്ഞു. 

എന്നാൽ ജോസ് പക്ഷം നിലപാട് പരസ്യമാക്കിയ ശേഷം ചർച്ചകൾ തുടങ്ങാം എന്നാണ് സിപിഎം ആലോചന. മുന്നണിക്കുള്ളിൽ പിന്തുണ നേടുകയാണ് വെല്ലുവിളി. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയിലെടുക്കാതെ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഒരു കൂട്ടുകെട്ടിനും പദ്ധതിയിടുന്നു. മരങ്ങാട്ട്പള്ളി പഞ്ചായത്തിൽ എൽഡിഎഫിനൊപ്പം ജോസ് പക്ഷത്തിലെ അംഗങ്ങൾ യുഡിഎഫ് ഭരണസമിതിക്കെതിരെ കത്ത് നൽകിയത് ഇതിന്‍റെ ആദ്യപടിയാണ്. അപ്പോഴും സിപിഐ എതിർപ്പാണ് വെല്ലുവിളി. പുതിയ സംഭവ വികാസങ്ങളിലും ജോസ് പക്ഷത്തോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ വ്യക്തമാക്കുന്നു.