തൃശ്ശൂര്‍: ചാവക്കാട് നൗഷാദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ കല്ല് എറിഞ്ഞ പ്രവർത്തകര്‍ക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‍തത്. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മുറിച്ച് കടന്നതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

കേസിലെ 20 പ്രതികളിൽ എട്ട് പേരെയാണ് ഇതുവരെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച് ബൈക്കുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയില്ല. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് നൗഷാദിന്‍റെ കുടുംബത്തിന്‍റെയും പാര്‍ട്ടിയുടെയും ആവശ്യം. പ്രതികൾക്ക് ജില്ലാ കോടതി ജാമ്യം നൽകിയത് പ്രോസിക്യൂഷൻ വേണ്ട വിധം കാര്യങ്ങൾ ബോധ്യപ്പെടുത്താത്തതിനാലാണെന്നും ആരോപണമുണ്ട്. ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി മുൻപാകെ നിയമപരമായി സർക്കാർ ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.