തിരുവനന്തപുരം: സിപിഐ മന്ത്രിമാരെ അവഹേളിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി പി സജീന്ദ്രന്‍. സിപിഐയില്‍ മന്ത്രിമാരാകാനുളള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കവും 90 ശതമാനവും കഷണ്ടിയും എന്നായിരുന്നു വി പി സജീന്ദ്രന്റെ പരാമര്‍ശം. 

കുന്നത്തുനാട്ടില്‍ 15 ഏക്കര്‍ നികത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ ബോഡി ഷെയ്മിംഗ് പരാമര്‍ശം നടത്തിയത്.

റവന്യൂ മന്ത്രിയുടെ ഓഫീസിന് മുകളില്‍ മറ്റൊരു ഓഫീസ് ഉണ്ടെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു സിപിഐ മന്ത്രിമാരെ അവഹേളിക്കുന്ന തര്തില്‍ എംഎല്‍എയുടെ പ്രസ്താവന.

'സി പി ഐയില്‍ മന്ത്രിമാരാകാനുള്ള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കം, 90% കഷണ്ടി' എന്നു പറഞ്ഞതിന് പിന്നാലെ പ്രതിഷേധമുയര്‍ന്നു. സജീന്ദ്രന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭാരേഖയില്‍ നിന്നും പരാമര്‍ശം നീക്കുകയും ചെയ്തു.