പൂര്‍ത്തിയാകാത്ത റോഡുകള്‍, കനാലുകള്‍, കുതിരാന്‍ തുരങ്ക നിര്‍മാണം തുടങ്ങിയവ അനുവദിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ടു ദിവസം തുറക്കും. 

തൃശൂര്‍: തിങ്കളാഴ്ച മുതല്‍ കര്‍ശന നിബന്ധനകളോടെ തൃശൂര്‍ ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് ബാധകമാണ്. മറ്റ് ജില്ലകളിലേക്ക് യാത്ര അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൂര്‍ത്തിയാകാത്ത റോഡുകള്‍, കനാലുകള്‍, കുതിരാന്‍ തുരങ്ക നിര്‍മാണം തുടങ്ങിയവ അനുവദിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ടു ദിവസം തുറക്കും. സ്വകാര്യ മേഖലയിലെ നിര്‍മ്മാണത്തിന് പ്രത്യേക അനുമതി വാങ്ങണം. ഇവിടങ്ങളില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യ വാഹനങ്ങള്‍ക്കു നേരത്തെ അറിയിച്ച നിബന്ധനകള്‍ പാലിച്ചു മാത്രം നിരത്തില്‍ ഇറങ്ങാം. ഹോട്ടലുകളില്‍ അകലം പാലിച്ച് വൈകീട്ട് 7 മണി വരെ ഇരുന്നു ഭക്ഷണം കഴിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.പൊതു സ്ഥലങ്ങളില്‍ എത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. തൊഴിലുറപ്പ് പദ്ധതികള്‍ തൊഴിലാളികളുടെ എണ്ണം കുറച്ച് തുടങ്ങാം. തൊഴിലാളികളെ എത്തിക്കുന്നത് പ്രത്യേക വാഹനത്തിലാകണം. ഇത് അണുവിമുക്തമാകണം. മറ്റ് ജില്ലകളിലേക്ക് യാത്ര അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.