മുംബൈ: എംഎൽഎ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പൻ. മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനകൾ നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ മുംബൈയിൽ വ്യക്തമാക്കി. മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനകൾ നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. അധ്യക്ഷന്‍റെ കാര്യത്തിൽ സംസ്ഥാനതലത്തിൽ സമയവായത്തിനുള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കുമെന്നും ശശീന്ദ്രൻ അറിയിച്ചു.

പാർട്ടി സംസ്ഥാന പ്രസി‍ഡന്‍റ് സ്ഥാനത്തെയും മന്ത്രിസ്ഥാനത്തെയും ചൊല്ലി കേരള എൻസിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിൽ മുംബൈ ചർച്ച നടന്നത്. പാലായിലെ മിന്നും ജയത്തിന് പിന്നാലെ മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തോമസ് ചാണ്ടിയുടെ മരണത്തോടെ സംസ്ഥാന അധ്യക്ഷന്‍റെ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നതിനാൽ ശശീന്ദ്രനെ പ്രസിഡന്‍റാക്കി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന നിർദ്ദേശം കാപ്പൻ അനുകൂലികൾ മുന്നോട്ട് വച്ചെന്നായിരുന്നു വിവരം. 

എന്നാൽ മന്ത്രിസ്ഥാനത്തിൽ വച്ചുമാറൽ വേണ്ടെന്നാണ് ശശീന്ദ്രന്‍റെ നിലപാട്. താൽക്കാലിക പ്രസി‍ണ്ടിന്‍റെ ചുമതല നിലവിൽ ടിപി പീതാംബരനാണ്. സ്ഥിരം പ്രസിഡന്‍റാകാൻ ആഗ്രഹമുണ്ടെന്നതിനാൽ മന്ത്രിമാറ്റത്തോടെ പീതാംബരനും യോജിപ്പില്ല. 

നേരത്തെ മാണി സി കാപ്പനും എ കെ ശശീന്ദ്രനും മുംബെയിലെത്തി ശരത് പവാറിനെ പ്രത്യേകമായി കണ്ടിരുന്നു. കുട്ടനാട്ടിലെ സ്ഥാനാർത്ഥിയെ ചൊല്ലിയും തർക്കം നിലനിൽക്കുകയാണ്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർഥിയാവാൻ താൽപര്യം അറിയിച്ചിരുന്നെങ്കിലും ടിപി പീതാംബരന്‍റെയടക്കം പിന്തുണയുണ്ടായിട്ടും കഴിഞ്ഞ ദിവസം ചേർന്ന നേതൃതയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ചാണ്ടിയുടെ കുടുംബാംഗം വേണ്ടെന്ന് അഭിപ്രായപ്പെടുകയായിരുന്നു.