കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ആൽബർട്ട് കോളേജ് കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകാൻ സർക്കാർ തീരുമാനം. ഉമ്മൻചാണ്ടി സർക്കാരിൻ്റെ അവസാന ഘട്ടത്തിൽ ഇതേ ഭൂമി പതിച്ചു നൽകിയത് വിവാദമായിരുന്നു.
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിൽ വിവാദ ഭൂമികൈമാറ്റം. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ആൽബർട്ട് കോളേജ് കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകാൻ സർക്കാർ തീരുമാനിച്ചു. 88 സെന്റ് ഭൂമിയാണ് പതിച്ചുനൽകുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ അവസാന ഘട്ടത്തിൽ ഇതേ ഭൂമി പതിച്ചു നൽകിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഒന്നാം പിണറായി സർക്കാർ നിയമിച്ച എ കെ ബാലൻ ഉപസമിതി മന്ത്രിസഭ തീരുമാനം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഈ തീരുമാനം തിരുത്തിക്കൊണ്ടാണ് സർക്കാരിന്റെ ഇപ്പോഴുള്ള പുതിയ ഉത്തരവ്.
മത, സാമുദായിക സംഘടനകളെ പ്രീണിപ്പെടുത്താൻ വേണ്ടി അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന മന്ത്രിസഭയിലാണ് സെൻ്റ് ആൽബർട്ട് കോളേജ് കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകാൻ ആദ്യ തീരുമാനം എടുത്തത്. ഇത് വലിയ വിവാദമായി. ഒന്നാം പിണറായി സർക്കാർ നിയമിച്ച എകെ ബാലൻ ഉപസമിതിയാണ് ഈ മന്ത്രിസഭ തീരുമാനം തെറ്റാണെന്ന് കണ്ടെത്തിയത്. ഭൂമി കൈമാറ്റത്തിൽ സർക്കാരിനുണ്ടായത് കോടികളുടെ നഷ്‌ടമാണെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു. അന്ന് ഒന്നാം പിണറായി സർക്കാർ അംഗീകരിച്ച തിരുമാനം തിരുത്തിയാണ് ഇപ്പോഴുള്ള അവസാന മന്ത്രിസഭയിലെ ഉത്തരവ് വന്നിരിക്കുന്നത്.
അതേസമയം, തൃശ്ശൂർ ഒല്ലൂരിൽ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് കൈവശം വച്ചിരിക്കുന്ന 4 ഏക്കർ ഭൂമിയും പതിച്ചു നൽകി. റവന്യൂ, വനം ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നാണ് ഉത്തരവ്. വനഭൂമി ഉൾപ്പെടെയാണ് പതിച്ചു നൽകിയത്. വനഭൂമിയില്ലെന്ന് സർവ്വെ നടത്തി ഉറപ്പ് വരുത്തണമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം. തൃശ്ശൂർ രൂപതയുടെ കീഴിലാണ് ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

