കോഴിക്കോട്: സംസ്ഥാനത്തെ കായിക അക്കാദമികളും സ്പോർട്സ് ഹോസ്റ്റലുകളും സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുമ്പോൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ അക്കാദമിക്ക് മാത്രം പണം അനുവദിച്ച് സർക്കാർ. 10 ലക്ഷം രൂപയാണ് മേഴ്സിക്കുട്ടൻ അത്‍ലറ്റിക് അക്കാദമിക്ക് സർക്കാർ പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചത്. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തെ മറ്റ് കായിക അക്കാദമികളും സ്പോർട്സ് ഹോസ്റ്റലുകളും അടച്ചുപൂട്ടിയതോടെ പരിശീലനത്തിന് സൗകര്യങ്ങളില്ലാതെ കായികതാരങ്ങൾ പ്രതിസന്ധിയിലാണ്. ഹോസ്റ്റലുകൾ പ്രവർത്തിച്ചിരുന്ന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്തെ പണം പോലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സ്പോർട്സ് കൗൺസിൽ നൽകിയിട്ടില്ല. ഒരു അക്കാദമിക്കും ഇതുവരെ സാമ്പത്തിക സഹായവും കൊടുത്തിട്ടില്ല. 

ഇതിനിടെയാണ് സ്പോർട്സ്‌ കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടന്റെ അക്കാഡമിക്ക് സർക്കാരിന്റെ സഹായം. 2019- 20 സാമ്പത്തിക വർഷത്തെ തുകയാണ് കായിക യുവജനകാര്യ വകുപ്പ് പ്രത്യേക ഉത്തരവിറക്കി നൽകിയത്. 20 ലക്ഷം രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ അനുവദിച്ചത്. ഇതിൽ യഥാസമയം പിൻവലിക്കാൻ കഴിയാതെ വന്ന 10 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇപ്പോൾ നൽകിയത്. 

ജനുവരി മുതൽ മാർച്ച് വരെ സ്പോർട്സ് ഹോസ്റ്റലുകളിൽ കായിക താരങ്ങൾക്ക് ഭക്ഷണത്തിന് മാത്രമായി ചെലവായ ഒരു കോടി എൺപത് ലക്ഷം രൂപ ഇനിയും നൽകിയിട്ടില്ല. 2000 ത്തോളം കായിക താരങ്ങളാണ് സ്പോർട്സ് ഹോസ്റ്റലുകളിൽ ഉള്ളത്. പ്രതിദിനം 200 രൂപ വീതമാണ് ഓരോ കായിക താരത്തിനും അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ കഴിഞ്ഞ വർഷത്തെ സ്പോർട്സ് കിറ്റും പൂർണമായും കൊടുത്തിട്ടില്ല. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കായികമേഖലയെ പൂർണമായും സർക്കാർ തഴഞ്ഞിരിക്കുകയാണ്. 

അതേസമയം ഭരണ സമിതിയിലെ ചേരിപ്പോരിനെ തുടർന്ന് സ്പോർട്സ് കൗൺസിൽ പ്രവർത്തനം തന്നെ നിലച്ചമട്ടാണ്. സിപിഎം പ്രതിനിധികളായ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും പ്രസിഡൻ്റും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായതോടെയാണ് സ്പോർട്സ് കൗൺസിൽ പ്രവർത്തനം നിർജീവമായത്.