Asianet News MalayalamAsianet News Malayalam

'യോഗ്യതയുള്ളവരെ തഴഞ്ഞ് മുന്‍ എംപി പി കെ ബിജുവിന്‍റെ ഭാര്യക്ക് നിയമനം'; ഗവര്‍ണര്‍ക്ക് പരാതി

ഉയർന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുളള നൂറോളം  ഉദ്യോഗാർത്ഥികളെ തഴഞ്ഞ് പി കെ ബിജുവിന്‍റെ ഭാര്യ വിജി വിജയന് രാഷ്ട്രീയ പിന്‍ബലത്തിന്‍റെ പേരിൽ നിയമനം നൽകിയെന്നാണ് പരാതി 

controversy over p k bijus wife gets job in kerala university
Author
Trivandrum, First Published Mar 15, 2020, 12:23 PM IST

തിരുവനന്തപുരം: മുൻ എംപിയും സിപിഎം നേതാവുമായ പി കെ ബിജുവിന്‍റെ ഭാര്യയ്ക്ക് കേരള സർവ്വകലാശാലയിൽ അസിസ്റ്റൻറ്റ് പ്രൊഫസ‌റായി നിയമനം നൽകിയത് വിവാദത്തിൽ. അഭിമുഖത്തിൽ പങ്കെടുത്ത ഉയർന്ന യോഗ്യതയുളളവരെ തഴഞ്ഞ് വിജി വിജയന് നിയമനം നൽകിയെന്ന് സേവ് യൂണിവേഴ്‍സിറ്റി ക്യാമ്പയിന്‍ ഗവർണർക്ക് പരാതി നൽകി. വെളളിയാഴ്ച്ച നടന്ന സിൻഡിക്കേറ്റില്‍ 46 അധ്യാപക തസ്തികകളിലേക്കാണ് നിയമനം നടത്തിയത്. 

ഇതിൽ ബയോ കെമിസ്ട്രി വിഭാഗത്തിലേക്ക് നടന്ന നിയമനമാണ് വിവാദമായിരിക്കുന്നത്. ഉയർന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുളള നൂറോളം  ഉദ്യോഗാർത്ഥികളെ തഴഞ്ഞ് പി കെ ബിജുവിന്‍റെ ഭാര്യ വിജി വിജയന് രാഷ്ട്രീയ പിന്‍ബലത്തിന്‍റെ പേരിൽ നിയമനം നൽകിയെന്നാണ്  സേവ് യൂണിവേഴ്‍സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതി.

എന്നാൽ അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിജി വിജയന് നിയമനം നൽകിയതിൽ തെറ്റില്ലെന്ന് കേരള സർവ്വകലാശാല വി സി പറഞ്ഞു. എട്ട് വർഷം മുമ്പ് എംപി യായിരിക്കെ തന്നെ  സർവ്വകലാശാലയിൽ നടന്ന അധ്യാപക നിയമനത്തിൽ ഭാര്യയ്ക്ക് നിയമനം നൽകിയില്ലെന്ന് കാണിച്ച് ബിജു രംഗത്തു വന്നിരുന്നു. അതേസമയം ഉത്തരക്കടലാസ് മൂല്യ നിർണയത്തിൽ വീഴ്ച്ച വരുത്തിയതിന് സർവ്വകലാശാല പിഴ ചുമത്തിയ അധ്യാപികയക്ക് നിയമ വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം നൽകിയതും വിവാദമായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios