ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധിച്ചു. ഇതോടെ, ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,48, 318 ആയി. ഇതുവരെ 16,475 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇന്നലെ മാത്രം 380 പേരാണ് മരിച്ചത്. നിലവിൽ 2,10,120 പേരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. അതേസമയം, 3, 21,723 പേര്‍ക്ക് രോഗം ഭേദമായി. 58.67 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്.

മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരേറുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. സംസ്ഥാനത്ത് 156 മരണം പുതുതായി രേഖപ്പെടുത്തി. മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 15,825 പോസറ്റീവ് കേസുകളാണ്.1,64, 626 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയും ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകുന്നത്. 

തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 3940 പേർക്കാണ് രോഗം കണ്ടെത്തിയത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനയാണ് ഇത്. ദില്ലിയിൽ 24 മണിക്കൂറിനിടെ 2889 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 83,077 ആയി ഉയർന്നു. ജാര്‍ഖണ്ഡിനും ബംഗാളിനും പുറമെ മണിപ്പൂരും ലോക്ക് ഡൗൺ നീട്ടി. ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ മേഖലയിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.