തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിനെ അട്ടിമറിക്കാനുള്ള കോർപ്പറേറ്റ് ഗൂഢാലോചനയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണൻ. പൊതുമേഖലയെ സംരക്ഷിച്ച് നിർത്തുന്ന കേരളത്തിലെ ഇടത് സർക്കാർ നിലപാട് മൂലം സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്ക് വരാൻ സാധിക്കുന്നില്ല. കോൺഗ്രസിനും ബിജെപിക്കും മൂലധന സഹായം ലഭ്യമാക്കി സമരങ്ങളിലൂടെ സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കേരളം സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തില്ല. വിഴിഞ്ഞം ഹാർബർ പൊതുമേഖലയിൽ വേണമെന്നായിരുന്നു വിഎസ് സർക്കാരിന്റെ നിലപാട്. ഉമ്മൻചാണ്ടി സർക്കാർ വന്നപ്പോൾ യാതൊരു എതിർപ്പുമില്ലാതെ അദാനി ആ പദ്ധതി ഏറ്റെടുത്തു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കില്ലെന്നാണ് ഇടത് സർക്കാർ നിലപാട്. ഇത് മനസിലാക്കി കുത്തക കമ്പനികൾ ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. കേരളത്തിന്റെ കെ ഫോൺ വഴി 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭിക്കും. റിലയൻസ് നടപ്പാക്കുന്ന പദ്ധതിക്ക് ഇത് തിരിച്ചടിയാവും. കേരള സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയിലൂടെ കേരളം പൊതുമേഖലയെ വളർത്തുന്നു. ഇത് കോർപ്പറേറ്റുകൾ ലക്ഷ്യമിട്ട രംഗമാണ്. 

റീട്ടെയ്ൽ മേഖല കുത്തക കമ്പനികൾ ലക്ഷ്യമിടുമ്പോൾ കേരളം പൊതുവിപണിയിൽ ശക്തമായി ഇടപെടുന്നു. ഇത് കോർപ്പറേറ്റുകൾ ഇടപെടാനുള്ള ശ്രമത്തെ പ്രതിരോധിക്കുന്ന സർക്കാർ നിലപാടാണ്. കോർപ്പറേറ്റുകൾക്ക് കേരളത്തിൽ കടന്നുകയറാൻ സാധിക്കാത്തത് ഇടത് സർക്കാർ ഉള്ളത് കൊണ്ടാണ്. അതുകൊണ്ട് ഇടത് സർക്കാരിനെ ഇല്ലാതാക്കുക കോർപ്പറേറ്റ് അജണ്ടയാണ്. അവർ കേരള രാഷ്ട്രീയത്തിൽ ഇടപെടുന്നു. കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾക്ക് കോർപ്പറേറ്റ് സഹായം ലഭിക്കുന്നുണ്ട്. വൻതോതിൽ മൂലധന സഹായം നൽകുന്നുണ്ട്. ഇതെല്ലാം ആസൂത്രിത സമരങ്ങളാണ്. 1957 ലെ ഇഎംഎസ് സർക്കാരിനെ അട്ടിമറിക്കാൻ സിഐഎയുടെ പണം വാങ്ങി സമരം നടത്തിയ കോൺഗ്രസാണ് ഇപ്പോൾ കോർപ്പറേറ്റുകളുമായി ചേർന്ന് ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ കേന്ദ്ര ഏജൻസികളെ രംഗത്തിറക്കുന്നു. ലൈഫിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. സാധാരണ സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. എംഎൽഎയുടെ പരാതിയിൽ കേസെടുത്തത് അസാധാരണമാണ്. അതിനെ രാഷ്ട്രീയമായി നേരിടും. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. സ്വർണ്ണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണ് ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണം കൊണ്ടുവന്നിരിക്കുന്നത്. ഇനി ഒരു തവണ കൂടി എൽ ഡി എഫ് വന്നാൽ യു ഡി എഫുണ്ടാവില്ല എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ബിജെപിയുമായി ചേർന്ന് മുന്നണിയുണ്ടാക്കാനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് വൈകരുതെന്നാണ് സി പി എം നിലപാട്. 

കാർഷിക മേഖലയിലെ നിയമ നിർമ്മാണം സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം  സ്വാഗതം ചെയ്യുന്നു. ബഹുജന പ്രക്ഷോഭം നടത്തും. ഈ വിഷയത്തിൽ ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ബിജെപിയുടെ ബി ടീമായി. രാജ്യസഭയിൽ ഇടതുപക്ഷത്തിനൊപ്പം നിന്നു. കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും കൊണ്ടുവന്നിരിക്കുന്ന പരിഷ്കാരങ്ങളെല്ലാം കോൺഗ്രസ് നടപ്പാക്കുമെന്ന് പറഞ്ഞതാണ്. അതുയർത്തിക്കാട്ടിയാണ് ബിജെപി പ്രതികരിച്ചത്. വോട്ടെടുപ്പ് എന്ന ആവശ്യം ലോക്സഭയിൽ ഉന്നയിച്ചില്ല. ലോക്സഭയിലും കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നെങ്കിൽ ശക്തമായ പ്രതിഷേധം നടത്താനാവുമായിരുന്നു. കേരളത്തിലെ 19 യുഡിഎഫ് എംപിമാർ യാതൊരു ആത്മാർത്ഥതയും കാട്ടിയില്ലെന്നും കോടിയേരി പറഞ്ഞു.

എളമരം കരീമും കെകെ രാകേഷും നടത്തിയത് പോലുള്ള ഇടപെടൽ നടത്താൻ യുഡിഎഫ് എംപിമാർ തയ്യാറായില്ല. കേന്ദ്രത്തിൽ എട്ട് ലക്ഷം ഒഴിവുകളുണ്ട്. നികത്താൻ കേന്ദ്രം തയ്യാറാവുന്നില്ല. എസ്സി-എസ്ടി വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സംവരണത്തിലൂടെ ലഭിക്കേണ്ട തൊഴിലവസരമാണ് നിഷേധിക്കപ്പെടുന്നത്. കേന്ദ്രത്തിന്റെ ഉദാരവത്കതരണ നയത്തെ കേരള സർക്കാർ ചെറുത്തുനിൽക്കുന്നു. കോർപ്പറേറ്റ് കടന്നുകയറ്റത്തിന് സാധിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം കേരളത്തിൽ സ്വകാര്യ വത്കരിക്കുന്നില്ല. കേന്ദ്രം എല്ലാം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സ്വകാര്യമേഖല വരാത്തത് സംസ്ഥാന ഇടപെടൽ മൂലമാണ്.