ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് ആരോപിച്ച് ഇവിടുത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങൾ മുറിച്ച് മാറ്റിയതും അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയിൽ ഇരിക്കാലോ എന്ന വിദ്യാർത്ഥികളുടെ വൈറൽ പ്രതിഷേധവും ഈയടുത്താണ് നടന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിനോട് ചേര്‍ന്നുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പെയിന്‍റടിച്ച് നവീകരിച്ച് ശ്രീകൃഷ്ണനഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ. പൊളിച്ച് പുതിയത് നിര്‍മ്മിക്കാൻ കോര്‍പ്പേറഷൻ തീരുമാനിച്ച ഷെൽറ്ററിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്ന് എഴുതിവച്ച് മോടി പിടിപ്പിച്ചത്. 

വിദ്യാര്‍ത്ഥികൾ ലിംഗഭേദമന്യേ ഒരുമിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ നീളത്തിലുള്ള ഇരിപ്പിടം വെട്ടിപ്പൊളിച്ച് വെവ്വേറെയുള്ള മൂന്ന് സീറ്റുകളാക്കിയത് ജൂലൈയിലാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മടിയിലിരുന്ന് വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത് വാര്‍ത്തയായതോടെ അനധികൃതമായി കെട്ടിയ ഷെൽറ്റര്‍ പൊളിച്ച് നഗരസഭ പുതിയത് നിര്‍മ്മിക്കുമെന്ന് മേയര്‍ ജൂലൈ 21 ന് പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും നടപടി ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് 8500 രൂപാ മുടക്കി റെസിഡന്‍റ്സ് അസോസിയേഷൻ കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത്.

പ്രതിഷേധ സൂചകമായി എസ് എഫ് ഐയും കെ എസ്‍ യുവും ഷെൽറ്ററിൽ നാട്ടിയ കൊടി മാറ്റിയും വിദ്യാര്‍ത്ഥികളിട്ട തടിബെഞ്ച് നീക്കിയുമാണ് റെസി‍ഡന്‍റ്സ് അസോസിയേഷൻ പെയിന്‍റടിച്ച് നവീകരിച്ചത്. നഗരസഭ പൊളിക്കുന്നെങ്കിൽ പൊളിക്കട്ടേ, എന്നാല്‍ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലര്‍ന്നിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും റെസിഡന്‍റ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. പുറമ്പോക്ക് ഭൂമിയിൽ അനുമതിയില്ലാതെ കെട്ടിയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് പി പി പി മോഡലിൽ പുതിയത് നഗരസഭ നിര്‍മ്മിക്കുമെന്നുമായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പ്രതികരണം.

സമൂഹമാധ്യമത്തിലെ പോസ്റ്റിനെ ചൊല്ലി തര്‍ക്കം, യുവാവിനെ കുത്തിക്കൊന്നു, പ്രതി പിടിയില്‍

കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും കുത്തേറ്റു. സമൂഹമാധ്യമത്തിലെ പോസ്റ്റിനെ ചൊല്ലിയുള്ള തർക്കം കാരണമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പ്രതി കിരൺ ആന്‍റണി എന്നയാള്‍ പിടിയിലായി. കിരണിനും അടിപിയില്‍ പരിക്കുണ്ട്. കിരണും കൊല്ലപ്പെട്ട സജുനും മുന്‍പ് സുഹൃത്തുക്കളായിരുന്നു. കിരണിന്‍റെ സഹോദരന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ സജുനും സുഹൃത്ത് സെബിനും കമന്‍റിട്ടിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ സംഘം സജുനുമായി സംഘര്‍ത്തിലേര്‍പ്പെട്ടു. പിന്നാലെയാണ് കൊലപാതകം. മൂന്നുമാസം മുമ്പ് ഇരുവരും തമ്മില്‍ സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.