Asianet News MalayalamAsianet News Malayalam

സിഒടി നസീർ വധശ്രമക്കേസ്: എഎൻ ഷംസീർ എംഎൽഎയ്ക്കെതിരെ തെളിവില്ലെന്ന് പൊലീസ്

പ്രതികളുടെയെല്ലാം ഫോൺ രേഖയും പരിശോധിച്ചിട്ടും ഷംസീറിന്‍റേത് മാത്രം ഇതുവരെ പരിശോധിക്കാനായില്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് നസീർ.

cot naseer murder attempt case police says no evidence against shamseer mla
Author
Thalassery, First Published Sep 18, 2019, 11:07 PM IST

തലശ്ശേരി: സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ എൻ ഷംസീർ എംഎൽഎയ്ക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. പ്രതികളുടെയെല്ലാം ഫോൺ രേഖയും പരിശോധിച്ചിട്ടും ഷംസീറിന്‍റേത് മാത്രം ഇതുവരെ പരിശോധിക്കാനായില്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് നസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നസീറിന്‍റെ ഹർജി പരിഗണിച്ചപ്പോഴാണ് പൊലീസ് അന്വേഷണ പുരോഗതി തലശ്ശേരി കോടതിയെ അറിയിച്ചത്. ഷംഷീറിനെതിരായ ആരോപണം തെളിയിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ആരോപണ വിധേയരായ എ എൻ ഷംസീർ, സിപിഎം പ്രവർത്തകരായ ചെമ്പൂട്ടി സമീർ കൊച്ചു ബാബു എന്നിവരുടെ ഫോൺ വിശദാംശങ്ങൾക്കായി ഡിജിപി മുഖേന ബിഎസ്എൻഎല്ലിന് നൽകിയ അപേക്ഷയിൽ ഷംസീറിന്‍റേത് മാത്രം കിട്ടിയില്ല.

എന്നാൽ, മറ്റുള്ളവരുടേത് പരിശോധിച്ചപ്പോൾ കുറ്റകൃത്യത്തിന് മുൻപോ ശേഷമോ ഷംസീറുമായി ബന്ധപ്പെട്ടതിന് തെളിവുമില്ല. ഷംസീറും നസീറും തമ്മിൽ തർക്കം നടന്ന സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട യോഗത്തിന്‍റെ മിനുറ്റ്സ് നാലുമാസം കഴിഞ്ഞിട്ടും പരിശോധിക്കാൻ കിട്ടിയില്ല. നസീർ പരാതിപ്പെട്ടപോലെ എംഎൽഎ ഓഫീസിൽ വച്ച് നസീറിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഷംസീറിന്‍റെ ഓഫീസ് സെക്രട്ടറിയുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ട്. എഎൻ ഷംസീറിനെതിരെ തെളിവുകളെല്ലാം കിട്ടും വരെ മൊഴിയെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതിൽ അസ്വാഭാവികത ഇല്ലെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios