Asianet News MalayalamAsianet News Malayalam

എഐ ക്യാമറകള്‍ സ്ഥാപിച്ച ഇനത്തിൽ കെൽട്രോണിന് 11.79 കോടി രൂപ നല്‍കും; രണ്ടാം ഗഡുവായി നൽകാൻ കോടതിയുടെ അനുമതി

ക്യാമറ സ്ഥാപിച്ചതിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

court give permission to pay money to keltron for ai camera second installment nbu
Author
First Published Jan 16, 2024, 11:53 PM IST

കൊച്ചി: എ ഐ ക്യാമറകള്‍ സ്ഥാപിച്ച ഇനത്തിൽ കെൽട്രോണിന് രണ്ടാം ഗഡുവായി 11.79 കോടി രൂപ നൽകാൻ ഹൈക്കോടതി അനുമതി നൽകി. ക്യാമറ സ്ഥാപിച്ചതിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഫണ്ട് അനുവദിക്കുന്നത് നേരത്തെ വിലക്കിയിരുന്നുവെങ്കിലും കോടതി അനുമതിയോടെ കഴിഞ്ഞ മാസം ആദ്യഗഡു അനുവദിച്ചിരുന്നു. ക്യാമറകള്‍ സ്ഥാപിച്ചെന്നും തുടർ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് അനുമതി നൽകിയത്.

ജൂണ്‍ അഞ്ച് മുതലാണ് എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്ന് മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം. പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലെത്തി. മാത്രമല്ല ആദ്യ ധാരണ പത്രത്തിലെ പിശകുകള്‍ പരിഹരിച്ച് അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നൽകണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം.

ആദ്യ ഗഡു കെൽട്രോണിന് കൈമാറാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു കെൽട്രോണിന് നൽകിയിരുന്നില്ല. 726 ക്യാമറയുടെ പദ്ധതിയിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ പിഴത്തുക തുക കുറച്ച് 9.39 കോടി നൽകിയാൽ മതിയെന്നും ഗതാഗത കമ്മീഷണർ സർക്കാരിനെ അറിയിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ആദ്യ ഗഡുവായ 9.39 കോടി നൽകാൻ കഴിഞ്ഞ മാസമാണ് സർക്കാർ ഉത്തരവിറക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios