കൊച്ചി: പാലം പണിയുമ്പോൾ കരാർ കമ്പനിയ്ക്ക് അഡ്വാൻസ് നൽകുന്നത് സാധാരണമായ കാര്യം ആണെന്ന് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കോടതിയിൽ. കൊച്ചി മെട്രോയ്ക്കും അങ്ങനെ കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ ആണ് ഈ തീരുമാനം എടുക്കുന്നത് എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.  അപ്പോൾ മന്ത്രി റബ്ബർ സ്റ്റാമ്പ്‌ ആണോ എന്ന് കോടതി ചോദിച്ചു. ദൈനം ദിന കാര്യങ്ങൾ എല്ലാം മന്ത്രി അറിയണം എന്ന് ഇല്ലെന്നും അഡ്വാൻസ് നൽകിയതിൽ അപാകത ഉണ്ടെങ്കിൽ പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇബ്രാഹിംകുഞ്ഞ് മറുപടി നൽകി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. തിങ്കളാഴ്ച്ച വിധി പറയും. 

ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷൻ പറയുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. താൻ ആശുപത്രിയിൽ ആണെന്ന് അറിയിച്ചിട്ടും പൊലീസ് വീട്ടിൽ തെരച്ചിൽ നടത്തി. 22 തരം മരുന്നുകളാണ് താൻ കഴിക്കുന്നത്. ഏപ്രിൽ മുതൽ ചികിൽസയിൽ ആണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. 

നിങ്ങളുടെ ഇഷ്ടപ്രകാരം  പോയ ആശുപത്രിയും ഡോക്ടറും അല്ലേ എന്ന് കോടതി ചോദിച്ചു. അറസ്റ്റ് ഭയന്ന് അല്ല ആശുപത്രിയിൽ പോയതെന്നും ജാമ്യം ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്താൽ  വീട്ടിൽ തുടരും എന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.  കീമോ ചെയ്യുകയാണ്. അത് കഴിഞ്ഞാൽ ഒരു സഹായി വേണ്ടി വരും. ജയിലിൽ ഈ സൗകര്യം ഉണ്ടാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ​ഗുരുതരമായ ആരോ​ഗ്യപ്രശ്നം ഉണ്ടെന്ന് സമ്മതിക്കുന്നു എന്ന് കോടതി പറഞ്ഞു. നവംബർ 19നു കീമോതെറാപ്പി ഉണ്ടായിരുന്നു. അതിനാൽ ആണ് 17 തന്നെ അഡ്മിറ്റ്‌ ആയത്. അതുകൊണ്ട് മാത്രമാണ് 18ന് അന്വേഷണവുമായി സഹകരിക്കാതിരുന്നതെന്നും ഇബ്രാ​ഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.