തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സിബിഐ പ്രത്യേക കോടതി നിർദേശം നൽകി

കൊച്ചി: തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സിബിഐ പ്രത്യേക കോടതി നിർദേശം നൽകി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹാഫിസ് മുഹമ്മദ് പരിഗണിക്കുന്ന കേസിന്‍റെ വിചാരണ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഫസലിന്‍റെ ഭാര്യ മറിയുവിന്‍റെ വിസ്താരവും നടന്നു. തൊണ്ടി മുതലുകൾ ഹാജരാക്കിയപ്പോൾ ഫസലിന്‍റെ രക്തം പുരണ്ട വസ്ത്രം കണ്ട മറിയു അത് ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു. ചെരുപ്പും ടോർച്ചും ഉൾപ്പെടെയുള്ള മറ്റു തൊണ്ടി മുതലുകളും അവർ തിരിച്ചറിഞ്ഞു. കേസിൽ വ്യാഴാഴ്ച ഫസലിന്‍റെ സഹോദരിയുടെ വിസ്താരം നടക്കും.

എറണാകുളം സിജെഎം കോടതിയിൽ നിന്ന് സിബിഐ കോടതിയിലേക്ക് തൊണ്ടി മുതലുകൾ എത്തിച്ച് കവർ തുറന്നപ്പോഴാണ് രക്തംപുരണ്ട തൂവാല കാണാതായതായി വ്യക്തമായത്. തൂവാല എലി കരണ്ട് പോയതാകാമെന്ന കുറിപ്പും ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ തൂവാല മറ്റൊരിടത്ത് നിന്ന് കണ്ടെത്തി. സംഭവത്തിൽ വാദി ഭാഗം അട്ടിമറി ആരോപണം ഉന്നയിച്ചിരുന്നു.

തൂവാല തിരികെ ലഭിച്ചതായി കോടതിയെ അറിയിച്ചതിനെ തുടർന്ന് ഇക്കാര്യം രേഖപ്പെടുത്തിയ കോടതി സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതി എംകെ സുനിൽകുമാർ (കൊടി സുനി), തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, കാരായി രാജൻ എംഎൽഎ ഉൾപ്പെടെ എട്ടുപേരാണ് വിചാരണ നേരിടുന്നത്. സിബിഐക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വൈ. ബോബി ജോസഫ് ഹാജരായി.

2006 ഒക്ടോബർ 22നാണ് എൻഡിഎഫ് പ്രവർത്തകനും പത്ര ഏജന്റുമായിരുന്ന മുഹമ്മദ് ഫസൽ പുലർച്ചെ പത്രം എടുക്കാൻ പോകുന്നതിനിടെ കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.

YouTube video player