മുംബൈ: പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന്  പരിഗണിക്കും. ഡിവിഷൻ ബെഞ്ച് നിർദ്ദേശപ്രകാരം ജൂലൈ 29 ന്  ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. 

എന്നാൽ ഡിഎൻഎ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാർ വ്യക്തമാക്കുന്നത്. കലീനയിലെ ഫൊറൻസിക് ലാബിൽനിന്ന് പരിശോധനാഫലം ഇതുവരെ  കൈമാറിയില്ലെന്ന് ഓഷിവാര പൊലീസും അറിയിച്ചു. കഴിഞ്ഞമാസം 27 ന് ഹർജി ഹൈക്കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മുൻഗണനാ ക്രമത്തിൽ  പരിഗണിക്കേണ്ട കേസുകൾ അധികമായതിനാൽ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.