കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണം തുടരണമെന്നും ആഘോഷങ്ങള്‍ 'സൂപ്പര്‍ സ്പ്രഡര്‍' ആകാന്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയെന്നും കത്തില്‍ സൂചിപ്പിച്ചു. 

ദില്ലി: കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നില്‍ നില്‍ക്കെ കേരളം ഉള്‍പ്പടെയള്ള സംസ്ഥാനങ്ങള്‍ക്ക് വിണ്ടും മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്നും ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയവയക്ക് ഇളവുകള്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണം തുടരണമെന്നും ആഘോഷങ്ങള്‍ 'സൂപ്പര്‍ സ്പ്രഡര്‍' ആകാന്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയെന്നും കത്തില്‍ സൂചിപ്പിച്ചു.

കേരളത്തില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാസങ്ങള്‍ അടച്ചിട്ടിട്ടും രോഗവ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നയത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona