തിരുവനന്തപുരം: റമദാൻ വ്രതം തുടങ്ങിയതിനാൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്‍റെ സമയം മാറ്റുന്നു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ചും ദൈനംദിനവിവരങ്ങളെക്കുറിച്ചും വിശദീകരിക്കാൻ മുഖ്യമന്ത്രി എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് നടത്തിയിരുന്ന വാ‍ർത്താസമ്മേളനം ഇനി മുതൽ വൈകിട്ട് അഞ്ച് മണി മുതലാകും. അഞ്ച് മുതൽ ആറ് മണി വരെയാണ് വാർത്താസമ്മേളനം നടക്കുക.

ആറ് മണി മുതൽ ഏഴ് മണി വരെയായിരുന്നു നേരത്തേ മുഖ്യമന്ത്രി വാ‍ർത്താസമ്മേളനം നടത്താറ്. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച്, പ്രത്യേക സുരക്ഷാ സന്നാഹത്തോടെ, ഒരു ചില്ല് മറ വച്ച്, മാധ്യമപ്രവ‍ർത്തകർക്ക് മൈക്ക് നൽകിയാണ് മുഖ്യമന്ത്രിയുടെ വാ‍ർത്താസമ്മേളനം നിലവിൽ നടത്തുന്നത്.

ഇന്നലെ കാപ്പാട് മാസപ്പിറവി കണ്ടതോടെ ഇന്ന് റമദാൻ വ്രതം തുടങ്ങി. സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാൻ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു. കൊവിഡ് രോഗബാധ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഇഫ്താർ, ജുമാ നമസ്കാരം എന്നിവ വേണ്ടെന്നുവെക്കാൻ മുഖ്യമന്ത്രിയും മതനേതാക്കളുമായി വീഡിയോ കോൺഫറൻസിംഗ് വഴി തീരുമാനിക്കുകയായിരുന്നു. ദിവസം തോറും വ്രതാവസാനം വൈകിട്ടോടെ നടക്കുന്ന തറാവീഹ് നമസ്കാരങ്ങളും വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനം. സംസ്ഥാനത്തെന്നല്ല ഇന്ത്യയിൽത്തന്നെ ഇഫ്താറുകളോ നമസ്കാരങ്ങളോ ഇല്ലാത്ത ആദ്യത്തെ റംസാൻ മാസമാണ് കടന്നുപോകുന്നത്.

തത്സമയസംപ്രേഷണം: