Asianet News MalayalamAsianet News Malayalam

കേരളത്തിൽ 4 പേർക്ക് കൊവിഡ്; ഇടുക്കിയിലും കോട്ടയത്തും ഇന്ന് പുതിയ കേസുകളില്ല

ചെലവു കുറഞ്ഞ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തയ്യാറായിട്ടും ഐസിഐംആറിന്റെ അനുമതി കാത്തിരിക്കുകയാണ് കേരളം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം.

covid 19 chief ministers press conference as on 28 april 2020
Author
Thiruvananthapuram, First Published Apr 28, 2020, 5:07 PM IST

തിരുവനന്തപുരം: ഇന്ന് മാത്രം കേരളത്തിൽ 4 കൊവിഡ് കേസുകൾ പുതുതായി സ്ഥിരീകരിച്ചു. കണ്ണൂർ 3, കാസർകോട് 1 എന്നാണ് കണക്കുകൾ. രണ്ട് പേർ വിദേശത്ത് നിന്നും, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപിപോൾ ചികിത്സയിലാണ്. 20,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ വീടുകളിൽ 20,255 പേരും, ആശുപത്രികളിൽ 518 പേരുമാണുള്ളത്. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 23,980. 23,277 എണ്ണം ഇതിൽ രോഗബാധയില്ലാത്തതാണ് എന്നുറപ്പാക്കി. 

ഇടുക്കിയിലും കോട്ടയത്തും ഇന്ന് പുതിയ കേസുകളില്ല എന്നത് ആശ്വാസമാണ്. ആരോഗ്യ പ്രവർത്തകർ അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടിയവർ എന്നിവരിൽ നിന്ന് 885 സാമ്പിളുകൾ ശേഖരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ 801 എണ്ണം നെഗറ്റീവാണ്. ഇന്നലെ 3101 സാമ്പിളുകൾ സംസ്ഥാനത്തെ 14 ലാബുകളിൽ പരിശോധിച്ചു. ഇതിൽ 2,682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസൾട്ട് വരാനുണ്ട്. 25 സാമ്പിളുകൾ പുനഃപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കി. ഈ ഫലങ്ങൾ ഒന്നുകൂടി ഉറപ്പുവരുത്തും.

കാസർകോടിന് അഭിനന്ദനം

കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർകോട്. ഇവിടെ 175 രോഗികളാണ് ഉണ്ടായിരുന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ 89 പേരെ ചികിത്സിച്ച് ഭേദമാക്കി. ഇവിടുത്തെ അവസാനത്തെ രോഗിയെയും ഇന്ന് വിട്ടയച്ചു. 200 പേരടങ്ങിയ അവിടുത്തെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നു.

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കും. ലോക്ക് ഡൗൺ പൂർണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കും

പുതിയ പ്രതിസന്ധികൾ, നേരിടും

സാമ്പത്തിക മേഖല, കൃഷി, വ്യവസായം, ഐടി, ടൂറിസം എന്നീ രംഗത്തുണ്ടായ തിരിച്ചടികൾ മറികടക്കാൻ പെട്ടെന്നാവില്ല. അതത് മേഖലയിലെ വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് വിശദമായ പദ്ധതി തയ്യാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാർക്ക് ഇതിന്റെ ചുമതല നൽകി. വകുപ്പുകൾ പ്രത്യേകം പദ്ധതികൾ തയ്യാറാക്കും ഇവ സമാഹരിച്ച് സംസ്ഥാനത്തിന്റെയാകെ പദ്ധതിക്ക് രൂപം നൽകും. ആസൂത്രണ ബോർഡും വിശദമായ പഠനം നടത്തും.

മാസ്ക് മറക്കരുത്

ബ്രേക് ദി ചെയിൻ പദ്ധതി വിജയമാണ്. എന്നാൽ മാസ്ക് ധരിക്കുന്ന കാര്യത്തിൽ പലപ്പോഴും അലംഭാവം കാണാനുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ശീലമാക്കണം. അതിൽ വലിയ അലംഭാവം കാണുന്നു. ഇനിയുള്ള നാളുകളിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാസ്ക് ഉപയോഗം വരും. സ്കൂളുകളിൽ, യാത്രകളിൽ, ആൾക്കാർ കൂടുന്ന ഇടങ്ങളിൽ ഒക്കെ മാസ്ക് നിർബന്ധമായും ധരിക്കണം.

രണ്ട് ദിവസമായി റോഡുകളിലും കമ്പോളങ്ങളിലും തിരക്കുണ്ട്. തിരുവനന്തപുരത്ത് തന്നെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. പല മാർക്കറ്റുകളിലും ശാരീരിക അകലം പാലിക്കാതെ ആൾക്കൂട്ടം ഉണ്ടാകുന്നു. പൊലീസും ജില്ലാ ഭരണ സംവിധാനങ്ങളും ശക്തമായി ഇക്കാര്യത്തിൽ ഇടപെടണം.

സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ലെങ്കിൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ് ശരിയായ നിലപാട് സ്വീകരിക്കാൻ നിർബന്ധിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണത്തിൽ കൂടുതൽ ഇടപെടൽ വേണം.

കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയകുഴപ്പം ഉണ്ട്. ഏതൊക്കെ കടകൾ ഏത് സമയത്ത് തുറക്കണം എന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം. വിരുദ്ധമായ രീതി ഇല്ലെന്ന് ഉറപ്പാക്കണം. മാനദണ്ഡങ്ങളിൽ അവ്യക്തത ഉണ്ടെങ്കിൽ വ്യക്തത വരുത്തും.

ചിലയിടത്ത് മാലിന്യം കുമിഞ്ഞുകിടക്കുന്നുണ്ട്. അവ നിർമ്മാർജ്ജനം ചെയ്യണം. നിർദ്ദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഗൗരവം ഉൾക്കൊണ്ട് നടപടിയെടുക്കണം. ശുചീകരണ രംഗത്ത് ഏർപ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇവ നിർവഹിക്കാൻ സാധിക്കില്ലെങ്കിൽ അതിഥി തൊഴിലാളികളെ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരുന്നു. അവർക്ക് തൊഴിൽ ഇല്ലാത്ത ഘട്ടത്തിൽ ഈ രീതിയിൽ തൊഴിൽ ലഭിക്കുന്നത് സഹായകരമാകും.

അതിർത്തിയിൽ പരിശോധന ശക്തമാക്കും

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകൾ അതിർത്തിയിൽ എത്തുമ്പോൾ പരിശോധിക്കും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് ഏകോപന ചുമതല. നിരീക്ഷണത്തിന് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തും.

ഇടുക്കി അതിർത്തിയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ ലോറികൾ നിർബാധം കടന്നുവരുന്നുണ്ട്. ഇത് പരിഹരിക്കാൻ ശക്തമായ നടപടി സ്വീകരിക്കും. ആളുകളും ഊടുവഴികളിലൂടെ കടന്നുവരുന്നു. ഇത് തടയാൻ പൊലീസ്, വനം , റവന്യു വകുപ്പുകൾ യോജിച്ച് ഒരു കർമ്മ പദ്ധതിക്ക് രൂപം നൽകും.

വർക്കലയിലെ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ വീട്ടിൽ സഹായിക്കാൻ ആളില്ലാത്തതിനാലാണ് ആശുപത്രിയിൽ പോയത്. ഇത് ഗൗരവത്തോടെ കാണുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും. റബ്ബർ കർഷകർക്ക് റെയിൻ ഗാർഡിങ് സാമഗ്രികൾ കിട്ടാത്തത് പരാതിയായിരുന്നു. ഇതിനാവശ്യമായ എല്ലാ സാമഗ്രികളും ലഭ്യമാക്കാൻ നിർദ്ദേശം നൽകി.

കൊവിഡ് ഇതരചികിത്സ ഉറപ്പാക്കണം

മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നുണ്ട്. ആശുപത്രികളിൽ രോഗികളുടെ വരവ് കൂടി. മെഡിക്കൽ കോളേജുകളിൽ ഒപികളിൽ തിരക്ക് വർധിച്ചു. നാം കാണേണ്ടത് ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങൾ. അതുൾക്കൊണ്ട് ശാരീരിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാൻ പ്രത്യേകം ഇടപെടണം. ആരോഗ്യവകുപ്പ് ഇത് ശ്രദ്ധിക്കും. സ്വകാര്യ ആശുപത്രികളിലും അശ്രദ്ധ ഉണ്ടാകരുത്.

പ്രവാസികൾ വന്നാൽ കേരളം സജ്ജം

പ്രവാസികൾ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോൾ അവരെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണ്. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചു. ഇതിന്റെ യോഗം ഇന്ന് നടന്നു. വിശദമായ ചർച്ച നടന്നു. പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേരെത്തുക. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.

കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഈ കമ്മിറ്റിയിലുണ്ടാകും. വിമാനത്താവളങ്ങളിൽ വിപുലമായ പരിശോധനക്ക് സൗകര്യം ഉണ്ടാകും. വൈദ്യപരിശോധന ലഭ്യമാക്കും. ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താൻ സൗകര്യം ഒരുക്കും. പൊലീസിന് ആവശ്യമായ ചുമതല നൽകി.

വിമാനത്താവളങ്ങളിൽ ഡിഐജിമാരെ നിയോഗിക്കും. രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യും. അവരെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് വീടുകളിൽ എത്തിക്കുന്നത് പൊലീസായിരിക്കും. നേരെ വീട്ടിലെത്തി എന്ന് ഉറപ്പാക്കാനാണിത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് വൈദ്യ പരിശോധന ഉറപ്പാക്കും. ഇക്കാര്യത്തിൽ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിൻ സൗകര്യം ഉണ്ടാകും. മൊബൈൽ മെഡിക്കൽ യൂണിറ്റും ഏർപ്പെടുത്തും. ആരോഗ്യപ്രവർത്തകർ കൃത്യമായ ഇടവേളകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ വീടുകളിൽ സന്ദർശിക്കും.

വീടുകളിൽ കഴിയുന്നവർ ആരോഗ്യനില അറിയിക്കണം

വിദേശങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ സ്വന്തം ആരോഗ്യനിലയെ കുറിച്ച് അന്നന്ന് ആരോഗ്യവിഭാഗത്തിന് വിവരം നൽകണം. അത് ലഭിക്കുന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ വീട്ടിൽ പോയി വിവരം ശേഖരിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായമൊരുക്കാൻ വാർഡ് തല സമിതിക്ക് ചുമതല. വീടുകളിൽ കഴിയാൻ സാധിക്കാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിയാം.

രോഗലക്ഷണം ഉള്ളവരെ പ്രത്യേക വാഹനത്തിൽ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇവരുടെ ലഗേജ് വീടുകളിലെത്തിക്കേണ്ട ചുമതല സർക്കാർ ഏറ്റെടുക്കും. വിമാനത്താവളങ്ങളിൽ വിവിധ വകുപ്പുകളുടെയും എയർപോർട്ട് അതോറിറ്റി പ്രതിനിധികളുമുള്ള കൺട്രോൾ റൂമുണ്ടാകും.

പ്രവാസികളെ താമസിപ്പിക്കാൻ വിമാനത്താവളങ്ങൾക്ക് സമീപം സൗകര്യമൊരുക്കും. ആശുപത്രികളും ഇപ്പോൾ സജ്ജമാണ്. സമുദ്രമാർഗം പ്രവാസികളെ നാട്ടിലെത്തിക്കാൻ അഭിപ്രായം ഉയർന്നു. ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം എടുക്കണം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടായാൽ തുറമുഖം കേന്ദ്രീകരിച്ചും സൗകര്യമൊരുക്കും.

2.76 ലക്ഷം പേർ നോർക്കാ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു. 150 രാജ്യങ്ങളിൽ നിന്നുള്ളവർ രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച് വിവര ശേഖരണ ചുമതല നോർക്കയ്ക്കാണ്. സാമ്പിളുകൾ ശേഖരിക്കാനുള്ള വൈറൽ ട്രാൻസ്പോർട്ട് മീഡിയത്തിന് രാജ്യത്ത് പൊതുവിൽ ക്ഷാമമുണ്ട്. കേരളത്തിൽ പബ്ലിക് ലബോറട്ടറി ഇത് തയ്യാറാക്കുന്നുണ്ട്. ഇവിടെ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേന കൂടുതൽ കിറ്റുകൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആംബുലൻസ് വൈകിയെന്ന വാർത്തയിൽ പ്രതികരണം

പ്രതിരോധത്തിൽ മാധ്യമങ്ങൾ ഗുണപരമായ പങ്ക് വഹിക്കുന്നുണ്ട്. അത് കൂടുതൽ മികച്ച രീതിയിൽ തുടരണം. എന്നാൽ അതിന് വിരുദ്ധമായ ചിലത് ഉണ്ടാകുന്നുവെന്നത് കാണാതിരിക്കാനാവില്ല. ഇന്നലെ കോട്ടയം ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദം ദൗർഭാഗ്യകരമാണ്. 

ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽഎന്തൊക്കെ ചെയ്യണമെന്ന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. തിങ്കളാഴ്ച വൈകിട്ട് 4.45 ന് റിസൾട്ട് കോട്ടയം ഡിഎംഒക്ക് ലഭിച്ചത് മുതൽ നടപടി സ്വീകരിച്ചു. തിങ്കളാഴ്ച ജില്ലയിൽ മാത്രം 162 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഓരോ പേരെയും ആംബുലൻസ് അയച്ച് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് അവരെ വീട്ടിൽ തിരികെ വിടുന്നു. യാത്ര കഴിഞ്ഞാൽ ആംബുലൻസിൽ അണുനശീകരണം നടത്തണം. ഇന്നലെ കോട്ടയത്ത് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരെ രാത്രി എട്ടരയ്ക്ക് മുൻപ് ആശുപത്രിയിലെത്തിച്ചു. ഇതിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പിന്നെന്തിനാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകുന്നുവെന്ന് ചർച്ച നടത്തിയതെന്ന് ബന്ധപ്പെട്ട മാധ്യമങ്ങൾ പരിശോധിക്കണം.

സ്വന്തമായി രോഗബാധിതരെ കണ്ടെത്തി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് നല്ല രീതിയല്ല. സർക്കാരിനെതിരെ വിമർശനങ്ങളുണ്ടാകാം. എല്ലാം പൂർണ്ണതയിൽ നടക്കില്ല. അത് ചൂണ്ടിക്കാണിക്കുന്നതിലും വിമർശിക്കുന്നതിലും തെറ്റില്ല. എന്നാൽ സംവിധാനത്തെയാകെ സംശയത്തിന്റെ പുകമറയിലാക്കുന്ന തെറ്റായ രീതികൾ ഒഴിവാക്കണം. മാധ്യമങ്ങൾ ജാഗ്രത കാണിക്കണം.

കോട്ടയത്തും ഇടുക്കിയിലും കനത്ത ജാഗ്രത

കോട്ടയം ജില്ലയിൽ 11 പേർ ചികിത്സയിലുണ്ട്. 1040 പേർ നിരീക്ഷണത്തിലാണ്. ജില്ലാ അതിർത്തി അടച്ചു. ലോക്ക് ഡൗൺ കർശനമാക്കും. ജില്ലയിൽ രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഇടുക്കിയിൽ 78 പിക്കറ്റ് പോസ്റ്റുണ്ട്,. കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചു. അഞ്ച് ഡിവൈഎസ്‌പിമാരെ നിയോഗിച്ച് പൊലീസുകാർക്ക് ചുമതല നൽകി. ജില്ലയിൽ മുൻകരുതലിലോ സുരക്ഷാ ക്രമീകരണത്തിലോ നേരിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകി. ലോക്ക് ഡൗൺ നിർദേശം ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകും. തോട്ടം മേഖലയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. 

ഇന്നും സംഭാവനകൾ ലഭിച്ചു

ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിനൊപ്പം സംസ്ഥാനത്ത് മാസ്ക് വിതരണം ചെയ്തു. ഈ പ്രവർത്തി അഭിനന്ദനാർഹമാണ്. ശാന്തിഗിരി ആശ്രമം കമ്യൂണിറ്റി കിച്ചൺ വഴി ഒരു ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ലക്ഷം നേരത്തെ നൽകിയിരുന്നു. ഒരു ലക്ഷം കൂടി അദ്ദേഹം സംഭാവന നൽകി. മുൻ മഹാരാഷ്ട്ര ഗവർണർ ശങ്കരനാരായണൻ 50000 സംഭാവന നൽകി. കെ ബി ഗണേഷ് കുമാർ 50000, മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് 50 ലക്ഷം, മുൻ മന്ത്രി കെ കെ രാമചന്ദ്രൻ 50000 രൂപ, കേരള കാർഷിക വികസന ബാങ്ക് ഒരു കോടി, വടകര സഹകരണ റൂറൽ ബാങ്ക് 42 ലക്ഷം, ചിറയിൻ കീഴ് സഹകരണ ബാങ്ക് 40 ലക്ഷം, ഊരാളുകങ്കൽ സർവീസ് സഹകരണ ബാങ്ക് 20 ലക്ഷം, കലൈക്കോട് സർവീസ് സഹകരണ ബാങ്ക് 40 ലക്ഷം, കരകുളം സർവീസ് സഹകരണ ബാങ്ക് 25 ലക്ഷം, പേരൂർക്കട സർവീസ് സഹകരണ ബാങ്ക് 25 ലക്ഷം രൂപ, സംവിധായകൻ അമൽ നീരദ് അഞ്ച് ലക്ഷം രൂപ, ഗായിക പ്രാർത്ഥന 17,500 രൂപ എന്നിങ്ങനെ നിരവധിപ്പേരുടെ സംഭാവനകളുടെ വിവരങ്ങൾ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ടെസ്റ്റിംഗ് കൂട്ടി കേരളം

കേരളം ഇത്തവണ കൂടുതൽ പരിശോധന നടത്തിയിരുന്നു. നിരീക്ഷണത്തിലുള്ളവരും സമ്പർക്കമുള്ളവർക്കും പുറമെ കൊവിഡ് പ്രതിരോധം, ക്രമസമാധാന പാലനം, ജനങ്ങളുമായി ഇടപഴകുന്നവർ എന്നിവർ അടക്കമുള്ളവർക്ക് മുൻഗണന നൽകിയായിരുന്നു സാംപിൾ പരിശോധന. ജനപ്രതിനിധികൾക്കും തദ്ദേശസ്ഥാപന ജീവനക്കാർക്കും കച്ചവടക്കാർക്കുമൊക്കെ പരിശോധന നടത്തിയിരുന്നു. 

വ്യാപകപരിശോധന ഇവിടെ അവസാനിക്കുന്നില്ല. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് 300 വീതം സാംപിളുകൾ എടുക്കും. മറ്റ് ജില്ലകൾക്ക് തോതനുസരിച്ച് 200, 150 എന്നിങ്ങനെയാണ് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആദ്യം പരിശോധന. ഇതിലൂടെ സമൂഹവ്യാപനം കണ്ടെത്താനാകും. 

പ്രവാസികളടക്കം കൂട്ടത്തോടെ മങ്ങിയെത്തുന്നത് മുൻകൂട്ടി കണ്ടുള്ള മുന്നൊരുക്കം കൂടിയാണിത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിരിക്കെ ടെസ്റ്റുകൾക്കായി അനുമതി വൈകുന്നതാണ് പ്രതിസന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് കേരളം ഹിന്ദുസ്ഥാൻ ലാറ്റക്സിന് കരാർ നൽകിയിരുന്നു. ഒരു ലക്ഷത്തോളം കിറ്റുകൾ സജ്ജമാണെന്നാണ് വിവരം. എന്നാൽ കിറ്റ് വിതരണത്തിനും ഉപയോഗത്തിനും ഐസിഎംആർ ഇതുവരെ അനുമതി നൽകിയിട്ടില്ല. 

രാജ്യത്ത് നേരത്തെ നിലവാരം കുറഞ്ഞ ചൈനീസ് കിറ്റുകൾ ഇറക്കുമതി ചെയ്തത് വിവാദമായിരുന്നു. 245 രൂപയുടെ കിറ്റുകൾക്ക് 600 രൂപ വിലയിട്ടാണ് ചൈനീസ് കമ്പനികൾ ഇന്ത്യയ്ക്ക് വിറ്റത്. ദില്ലി ഹൈക്കോടതി വിശദമായി ഇക്കാര്യം പരിശോധിച്ചപ്പോഴാണ് കിറ്റുകളുടെ പേരിലുള്ള തീവെട്ടിക്കൊള്ള പുറത്തുവന്നത്.

ഇത്ര വില ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനി നിർമിച്ച കിറ്റുകൾക്കില്ല. കിറ്റൊന്നിന് 336 രൂപ നിരക്കിലാണ് കേരളസർക്കാരിന് ഹിന്ദുസ്ഥാൻ ലാറ്റക്സ് കിറ്റുകൾ നൽകുന്നത്. പ്രതിരോധ ശേഷി കൈവരിച്ചവരിലെ ഐജിജി ആന്‍റിബോഡി കണ്ടെത്താനും കിറ്റ് സഹായിക്കും. 

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios