തിരുവനന്തപുരം: അന്തർസംസ്ഥാനയാത്രയ്ക്കുള്ള മാർഗനിർദേശങ്ങൾ സംസ്ഥാനഗതാഗതവകുപ്പ് പുറത്തുവിട്ടു. അതിർത്തി കടന്നെത്താൻ എന്തെല്ലാം രേഖകൾ വേണം, എങ്ങനെ വരാം, അതിർത്തിയിൽ എന്തെല്ലാം സജ്ജീകരണങ്ങൾ നടത്തണമെന്ന് അടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. എന്ന് മുതൽ വരാനാകും എന്നതിൽ അന്തിമതീരുമാനം ലോക്ക്ഡൗൺ നീട്ടുന്നതിലെ കേന്ദ്രതീരുമാനം അനുസരിച്ചാകും.

അതിർത്തി കടന്നെത്താൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. എവിടെ നിന്നാണോ വരുന്നത്, അവിടെ നിന്ന് കൊവിഡ് ബാധയില്ല എന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയിട്ട് മാത്രമേ വരാവൂ. ഒരു ദിവസം നിശ്ചിത ആളുകളെ മാത്രമേ കടത്തിവിടൂ. കൂടുതൽ പേരെ ഒരു കാരണവശാലും കടത്തിവിടില്ല. 

ചെക്ക്പോസ്റ്റുകൾ വഴി മാത്രമേ പ്രവേശനമുണ്ടാകൂ. മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള എന്നീ നാല് ചെക്ക്പോസ്റ്റുകൾ വഴി മാത്രമേ ആളുകളെ കടത്തിവിടൂ. ആളുകളെ പ്രവേശിപ്പിക്കുന്നതിന് കൃത്യം സമയപരിധിയുമുണ്ടാകും. രാവിലെ എട്ട് മണിക്കും രാത്രി 11 മണിക്കും ഇടയിൽ മാത്രമേ ആളുകളെ കടത്തിവിടൂ. 15 മണിക്കൂർ നേരത്തേക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകൂ എന്നർത്ഥം. രാത്രി 11 മണി മുതൽ, രാവിലെ എട്ട് മണി വരെ അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ചിടും. ഊടുവഴികളിലൂടെയോ, ചെറുറോഡുകളിലൂടെയോ ഒരു കാരണവശാലും സംസ്ഥാനത്തേക്ക് എത്താൻ കഴിയില്ല. കർശനമായ പരിശോധന ഇത്തരം ചെറുറോഡുകളിലുണ്ടാകും.

അതി‍ർത്തി കടന്നെത്താൻ സ്വന്തം വാഹനത്തിലും വരാം, എന്നാൽ കൂടുതൽ ആളെ കുത്തിനിറച്ച് കൊണ്ടുവരാൻ പാടില്ല. കേന്ദ്രസർക്കാർ അനുവദിച്ചാൽ അന്തർസംസ്ഥാനബസ് സർവീസ് അനുവദിക്കും. എന്നാൽ ബസ്സുകളിൽ സാമൂഹിക അകലം നിർബന്ധമാണ്. എസി പാടില്ല, മാസ്ക് നിർബന്ധമാണ്. 

വരുന്നവരെയെല്ലാം പരിശോധിക്കാനും, അണുനശീകരണം ഉറപ്പാക്കാനും അതിർത്തിയിൽ പ്രത്യേക സജ്ജീകരണങ്ങൾ വേണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു. പൊലീസിനെയും മെഡിക്കൽ സംഘത്തെയും അഗ്നിശമനസേനാംഗങ്ങളെയും കൃത്യമായി അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയോഗിക്കണം. അതിർത്തി കടന്ന് വരുന്നവർക്കെല്ലാം കർശനമായി പരിശോധന നടത്തും. വാഹനങ്ങൾ ഫയർഫോഴ്സ് അണുവിമുക്തമാക്കും. എന്നിട്ട് മാത്രമേ കടത്തിവിടൂ എന്നും സർക്കാർ മാർഗരേഖയിൽ പറയുന്നു.

ഇതിനെല്ലാം പുറമേ, അന്തർസംസ്ഥാനയാത്രകൾ കഴിഞ്ഞ് വരുന്നവർ കൃത്യമായി ആരോഗ്യവകുപ്പ് നിർദേശിക്കുന്ന അത്രയും കാലം ക്വാറന്‍റീനിൽ കഴിയേണ്ടി വരും. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരാണെങ്കിൽ സർക്കാർ സജ്ജീകരിച്ച ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് മാറ്റും. അതല്ലാത്തവരെ വീടുകളിലേക്ക് അയച്ച് നിരീക്ഷണത്തിലാക്കും. അവരെല്ലാവരെയും വ്യക്തമായി നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും ജില്ലാ തലത്തിൽ പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്യുമെന്ന് സംസ്ഥാനസർക്കാർ മാർഗരേഖ വ്യക്തമാക്കുന്നു.