ആലപ്പുഴ: ജില്ലയിൽ കൊവിഡ്  സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക. നൂറനാട് ഇന്തോ ടിബറ്റൻ സേനയിലെ 76 ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗ വ്യാപനം കണക്കിലെടുത്ത് തീര മേഖലയിലെ എട്ടു പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ രോഗം സ്ഥിരീകരിച്ച 55 ഐടിബിപി ഉദ്യോഗസ്ഥർക്കു പുറമെയാണ് 76 പേർക്കു കൂടി കോവിഡ് പോസിറ്റീവായത്. ഇതോടെ മൊത്തം 131 പേർക്ക് നൂറനാട് ക്യാമ്പിൽ രോഗം സ്ഥിരീകരിച്ചു. മാവേലിക്കര എംഎല്‍എ ആർ രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച ചേർത്തലയിലും സ്ഥിതി രൂക്ഷമാണ്. 

തീരമേഖലയിൾ ഉൾപ്പെട്ട പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു. 

ലോക്ക് ഡൗൺ മേഖലയിലുള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും. 
പച്ചക്കറി വ്യാപാരിയിൽ നിന്നും ഇരുപതിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ച കായംകുളത്തും ജാഗ്രത കർശനമാക്കി. സർക്കാർ നിദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനം നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.