Asianet News MalayalamAsianet News Malayalam

സമ്പർക്ക വ്യാപന നിരക്കിൽ ശമനമില്ല; 8039 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

covid 19 kerala contact cases still not coming down in the state
Author
Trivandrum, First Published Oct 13, 2020, 6:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്ക രോഗബാധ രൂക്ഷമായി തുടരുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 8764 പേരിൽ 8039 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 

സമ്പർക്ക രോഗബാധ - ജില്ല തിരിച്ച് 

മലപ്പുറം 1040, എറണാകുളം 949, കോഴിക്കോട് 1049, തൃശൂര്‍ 950, കൊല്ലം 862, തിരുവനന്തപുരം 680, പാലക്കാട് 575, ആലപ്പുഴ 459, കോട്ടയം 435, കണ്ണൂര്‍ 333, കാസര്‍ഗോഡ് 308, പത്തനംതിട്ട 224, വയനാട് 104, ഇടുക്കി 71

രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവ‍ർത്തകർ - ജില്ല തിരിച്ച് 

തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെ 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

No description available.

7723 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 815, കൊല്ലം 410, പത്തനംതിട്ട 203, ആലപ്പുഴ 534, കോട്ടയം 480, ഇടുക്കി 129, എറണാകുളം 1123, തൃശൂര്‍ 650, പാലക്കാട് 385, മലപ്പുറം 772, കോഴിക്കോട് 1236, വയനാട് 122, കണ്ണൂര്‍ 442, കാസര്‍ഗോഡ് 422 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,07,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് എറ്റവും വലിയ വെല്ലുവിളി ഉയർത്തിയ തിരുവനന്തപുരത്ത് രോഗവ്യാപനം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മാതൃകാപരമായ പ്രവർത്തനം കൊണ്ടാണ് ഇത് സാധ്യമായതെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചതായി വ്യക്തമാക്കി. എന്നാൽ ചില മേഖലകളിൽ ആളുകളുടെ സഹകരണം തികച്ചും നിരാശയുണ്ടാക്കുന്നുവെന്നും പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

21 മരണം കൂടി സ്ഥിരീകരിച്ചു

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്‌റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുന്നി സ്വദേശി അബ്ദുറഹ്മാന്‍ (68), ബാലുശേരി സ്വദേശി ആര്യന്‍ (70), പെരുവാറ്റൂര്‍ സ്വദേശി ബീരാന്‍ (47), കണ്ണാങ്കര സ്വദേശി ചെറിയേക്കന്‍ (73), മേപ്പയൂര്‍ സ്വദേശി കുഞ്ഞബ്ദുള്ള (65), വടകര സ്വദേശി സെയ്ദ് അബു തങ്ങള്‍ (68), അവിദനല്ലൂര്‍ സ്വദേശി പ്രഭാകര്‍ (67), പന്നിയങ്കര സ്വദേശി മമ്മൂകോയ (82), കണ്ണൂര്‍ എരഞ്ഞോളി സ്വദേശി അമര്‍നാഥ് (69), കാസര്‍ഗോഡ് ചെങ്കള സ്വദേശി അബ്ദുള്ള (66), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ചില മത്സ്യചന്തകളിലും, വഴിയോരക്കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

കൊവിഡിനെ തുടർന്ന് ജോലി പോയി നാട്ടിലെത്തി റോഡിന് വശങ്ങളിൽ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്ന നിരവധിയാളുകളുണ്ട്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ഇവരെ നമ്മുക്ക് സഹായിക്കാം. എന്നാൽ അത്തരം കേന്ദ്രങ്ങളിൽ ആളുകൾ വല്ലാതെ കൂട്ടം കൂടുന്നതും കൃത്യമായി സുരക്ഷാ മാനദണ്ഡം പാലിക്കത്തതും ശരിയായ കാര്യമല്ല. ഇതു വഴിയോരക്കച്ചവടക്കാർക്ക് കൂടി ബുദ്ധിമുട്ടാണ്. അതിനാൽ കൊവിഡ് പ്രട്ടോക്കോൾ പാലിച്ചു കൊണ്ട് കച്ചവടം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കച്ചവടക്കാരനും ഉപഭോക്താവും ജാഗ്രത പാലിക്കണം. 

സംസ്ഥാനത്ത് ചിലയിടങ്ങളിൽ സ്വകാര്യ ട്യൂഷൻ നടന്ന് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തലസ്ഥാന ജില്ലയിൽ പ്രതിദിനം കൊവിഡ് പൊസീറ്റീവായവരിൽ 15 വയസിന് താഴെയുള്ള വലിയൊരു ശതമാനം കുട്ടികളുണ്ടെന്ന കാര്യം ശ്രദ്ധിക്കുകയും കൂടുതൽ കരുതൽ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 

വ്യാപാരി വ്യവസായികളിലും ഓട്ടോറിക്ഷാത്തൊഴിലാളികളിലും രോഗവ്യാപനം കൂടുന്നതായി കാണുന്നുണ്ട് പറഞ്ഞ മുഖ്യമന്ത്രി ഇവരുടെ പ്രത്യേകം ഗ്രൂപ്പ് തയ്യാറക്കണമെന്ന് നിർദേശിച്ചതായി അറിയിച്ചു

പത്തനംതിട്ടയിലെ അടൂർ അടക്കമുള്ള സ്ഥലങ്ങളിൽ വ്യാപാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുന്ന അവസ്ഥയുണ്ട്. പത്തനംതിട്ട കെഎപി ക്യാംപിൽ ഇന്നലെ വരെ 97 പേർക്ക് രോഗം ബാധിച്ചു ഇവിടെ കൊവിഡ് സെൻ്റർ സജ്ജമാക്കി. ചുട്ടിപ്പാറ നഴ്സിംഗ് സെൻ്ററിലെ 25 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ചുമതലകൾ ഏൽപിച്ചു.

ആലപ്പുഴയിലെ പത്ത് സ്വകാര്യ ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും. ഇവിടെ ഐസിയു, വെൻ്റിലേറ്റർ സൗകര്യത്തോടെ 25 ശതമാനം ബെഡുകൾ സജ്ജമാക്കും. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളിൽ കൊവിഡിതര രോഗികളെ ചികിത്സിക്കാൻ സൗകര്യം ഒരുക്കും. ഇക്കാര്യം ഡിഎംഒമാർ ഏകോപിപ്പിക്കും. 

ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികൾ എത്തിതുടങ്ങി. സഞ്ചാരികളെ നിരീക്ഷിക്കാനും സാമൂഹിക അകലം പാലിക്കാനും റിസോർട്ട് ഉടമകളും ആരോഗ്യവകുപ്പും ചേർന്ന് സൗകര്യം ഒരുക്കും. 

തൃശ്ശൂരിൽ പുത്തൂർ ദിവ്യാശ്രമം ക്ലസ്റ്ററായി മാറി. ഹോസ്റ്റലുകളും അനാഥാലയങ്ങളും കൂടുതൽ ജാഗ്രത പാലിക്കണം. കോഴിക്കോട് ജില്ലയിൽ മാർക്കറ്റുകളും ഹാർബറുകളും ദിവസങ്ങളോളം അടച്ചിടുന്നത് ഇവിടെ ജോലി ചെയ്യുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ നിയന്ത്രണങ്ങളോടെ ഇവിടെ തുറന്നു പ്രവർത്തിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഒരോ വാർഡുകളിലും 20 വീടുകൾ അടങ്ങിയ ഗ്രൂപ്പുണ്ടാക്കി കൊവിഡ് നിരീക്ഷണം ശക്തിപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്

വയനാട്ടിൽ ഇതിനോടകം 155 ആദിവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 37 മുതൽ 50 വരെ പ്രായമുള്ളവരാണ് കൂടുതൽ. മീനങ്ങാടി പേര്യ വെങ്ങപ്പള്ളി ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലാണ് കൂടുതൽ കേസുകൾ. കൊവിഡ് ബാധിച്ചു രോഗമുക്തി നേടിയവരിലുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പോസ്റ്റ് കൊവിഡ് ക്ലിനിക്ക് മാനന്തവാടി ആശുപത്രിയിൽ നാളെ മുതൽ പ്രവർത്തനം തുടങ്ങും

പരിശോധനയ്ക്ക് വരുന്ന ഗർഭിണികൾ കൊവിഡ് പൊസീറ്റീവായാൽ അവരെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുന്ന പ്രവണത കണ്ണൂരിലെ ചില സ്വകാര്യ ആശുപത്രികൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതു കർശനമായി വിലക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios