കോട്ടയം: ഏറെ കാലത്തിന് ശേഷമാണ് കോട്ടയം ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കപ്പെടുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരത്തെ സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകനാണ് 31 വയസുള്ള ഇയാൾ മാര്‍ച്ച്  24ന് തിരുവനന്തപുരത്തുനിന്നും കാറില്‍ കോട്ടയം ജില്ലയില്‍ എത്തി. കോട്ടയത്തുനിന്നും കാറുമായി പോയി ഒരാള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍തന്നെ കഴിയുകയായിരുന്നു എന്നാണ് അറിയിച്ചിട്ടുള്ളത്. ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 22ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇന്നലെ (ഏപ്രില്‍ 22ന് ) കോട്ടയം ജനറല്‍ ആശുപത്രിയില്‍ സാമ്പിള്‍ എടുത്തു. 

കോട്ടയത്ത് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ രോഗി ലോഡിംഗ് തൊഴിലാളിയാണ്. 37 വയസുകാരനായ ഇയാളുടെ സാമ്പിളും ഇന്നലെ(ഏപ്രില്‍ 22 ചൊവ്വ) കോട്ടയം ജനറല്‍ ആശുപത്രിയിൽ വച്ചാണ് എടുത്തത്. പാലക്കാട്ട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചിരച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ ഇയാള്‍ പങ്കാളിയായിരുന്നു. എങ്കിലും ഡ്രൈവറുമായി ഇയാൾ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ലോഡ് ഇറക്കിയ കടയുടെ ഉടമയുടെയും ഈ തൊഴിലാളിയുടെയും ഉള്‍പ്പെടെ എട്ടു പേരുടെ സാമ്പിളുകള്‍ എടുത്തിരുന്നു. ഇയാള്‍ ഒഴികെ എല്ലാവരും നെഗറ്റീവാണ്. 

കോട്ടയത്ത് എത്തിയ ഡ്രൈവറുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.  എറണാകുളം ജനറല്‍ ആശുപത്രിയില്‍ സാമ്പിള്‍ എടുത്തശേഷം ഇയാളെ പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിനിയെ ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇപ്പോൾ മൂന്ന് രോഗികളാണ് കോട്ടയം ജില്ലയിൽ ചികിത്സയിലുള്ളത്.

നാളെ കോട്ടയം മാർക്കറ്റ് സാനിറ്റെസ് ചെയ്യുമെന്നും പഞ്ചായത്തുകളിൽ ബോധവത്കരണം നടത്തുമെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. കോട്ടയം ജില്ലയിൽ വാഹനയാത്രയും ആളുകൾ കൂട്ടം കൂടുന്നതും കർശനമായി വിലക്കി. യാത്ര ചെയ്യുന്നവർ പാസോ സത്യവാങ്ങ്മൂലമോ കയ്യിൽ കരുതണം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം. ഹോട്ട് സ്പോട്ടുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. 
മാർക്കറ്റിനുള്ളിൽ മാത്രം 50 പേരെ പരിശോധനയ്ക്ക് വിധേയരാക്കേണ്ടി വരും.  ഹോട്ട്സ്പോട്ടായ പഞ്ചായത്തുകളിലും മുനിസിപ്പൽ വാർഡുകളിലും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രം തുറക്കാം. മാർക്കറ്റിലേക്ക് ലോഡുകൾ എത്തിക്കരുതെന്നും നിർദ്ദേശമുണ്ട്.  കോട്ടയം മാർക്കറ്റിനു പുറമെ സമീപ മാർക്കറ്റുകളിലും പരിശോധന നടത്തും.