തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ തുടങ്ങി. സംസ്ഥാനതലത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് ലേബര്‍ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബര്‍ ഓഫീസുകളിലുമായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. 

ഇതര സംസ്ഥാനക്കാര്‍ക്ക് അവരവരുടെ ഭാഷകളില്‍ ( തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ) തന്നെ മറുപടി നല്‍കുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി  ഭാഷാ വിദഗ്ധരായ ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകളില്‍ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും. 

ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററിലും 24 മണിക്കൂറും ആശയ വിനിമയത്തിനും മറുപടി നല്‍കി പ്രശ്ന പരിഹാരം ഉറപ്പാക്കുന്നതിനും സജ്ജീകരണം നടപ്പാക്കി. ലേബര്‍ കമ്മീഷണറേറ്റും 14 ജില്ലാ ലേബര്‍ ഓഫീസുകളും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും അടക്കം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കി. ഇവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 

സംസ്ഥാന തല ലേബർ കോൾ സെന്റർ നമ്പർ: 155214 (ബിഎസ്എന്‍എല്‍), 1800 425 55214 (ടോള്‍ ഫ്രീ)

ജില്ലാ തല ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ചുവടെ : 

 • തിരുവനന്തപുരം    0471-2783942, 8547655254, 0471-2783946, 8547655256
 • കൊല്ലം        0474-2794820, 8547655257, 0474-2794820, 8547655258
 • പത്തനംതിട്ട     0468-2222234, 8547655259
 • ആലപ്പുഴ        0477-2253515, 8547655260, 0477-2253515, 8547655261
 • ഇടുക്കി        0486-2222363, 8547655262
 • കോട്ടയം        0481-2564365, 8547655264, 0481-2564365, 8547655265
 • എറണാകുളം    0484-2423110, 8547655267, 0484-2423110, 8547655266
 • തൃശ്ശൂർ        0487-2360469, 8547655268, 0487-2360469, 8547655269
 • മലപ്പുറം        0483-2734814, 8547655272, 0483-2734814, 8547655273
 • കോഴിക്കോട്    0495-2370538, 8547655274, 0495-2370538, 8547655275
 • വയനാട്        0493-6203905, 8547655276
 • കണ്ണൂർ        0497-2700353, 8547655277, 0497-2700353, 8547655278
 • കാസർകോട്    0499-4256950, 8547655279, 0499-4256950, 8547655263

അതിഥി തൊഴിലാളികൾക്കായി ഓഡിയോ സന്ദേശം

ഹിന്ദി, ഒറിയ, ബംഗാളി , അസാമീസ് ഭാഷകളില്‍ ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികള്‍ക്ക് അവബോധം നല്‍കുന്നതിനായി ഓഡിയോ തയാറാക്കി വാട്‌സ്ആപ്പ് മുതലായ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരണത്തിനായി നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ കിട്ടുന്നില്ലെന്ന പരാതി ഉയരുന്ന ഇടങ്ങളിൽ ലേബര്‍ കമ്മീഷണറുടെ സമയാസമയങ്ങളിലുള്ള നിര്‍ദ്ദേശ പ്രകാരം ജില്ലാ ലേബര്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും അതത് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണം ഉറപ്പാക്കി പ്രശ്‌ന പരിഹരണത്തിനും ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികല്‍ സ്വീകരിച്ചു വരുന്നു.

ലേബര്‍ കമ്മീഷണറേറ്റില്‍ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സമെന്റ്) , ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്, ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍(തിരുവനന്തപുരം) എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനതല കോര്‍ഡിനേഷന്‍ ടീം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നു. ജില്ലകളില്‍  ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ ലേബര്‍ കമ്മീഷണറുടെയും അതത് ജില്ലാ കളക്ടര്‍മാരുടെയും നിര്‍ദേശാനുസരണം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.