കോട്ടയം: കൊവിഡ് കാലത്ത് മനുഷ്യത്വമില്ലാതെ പെരുമാറി കോട്ടയത്തെ സ്വകാര്യ ആശുപത്രികൾ. ജീവനക്കാരിക്ക് കൊവിഡ് വന്നതിനെ തുടർന്ന് അടച്ച കോട്ടയം അരവിന്ദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന രോഗികൾക്ക് മറ്റ് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതായാണ് പരാതി. പൂർണ്ണ ഗർഭിണികളെ പോലും മറ്റ് ആശുപത്രികൾ ചികിത്സിക്കാൻ തയ്യാറാകുന്നില്ല. 

കാഞ്ഞിരിപ്പള്ളി സ്വദേശിയായ ഗർ‍ഭിണി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മൂന്നിടത്തും യുവതിക്ക് ചികിത്സ നിഷേധിച്ചുവെന്ന് കുടുംബം പരാതിപ്പെടുന്നു. സംഭവം മാനസികമായി തളർത്തിയെന്ന് യുവതിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. ഒമ്പത് മാസം ഗർഭിണിയായ യുവതിയോടാണ് സ്വകാര്യ ആശുപത്രികൾ മനുഷ്യത്വമില്ലാതെ പെരുമാറിയത്. അരവിന്ദ ആശുപത്രിയിൽ ഒരു ദിവസം ചെക്കപ്പിന് പോയത് ചൂണ്ടിക്കാട്ടിയായിരുന്നു ചികിത്സാ നിഷേധമെന്ന് ബന്ധുക്കൾ പറയുന്നു. 

യുവതിയെ നിലവിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരവിന്ദ ആശുപത്രിയിൽ ചികിത്സ തേടിയ മറ്റ് രോഗികൾക്കും ആശുപത്രികൾ ചികിത്സ നിഷേധിക്കുകയാണ്. കൊവിഡ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വരെ ആശുപത്രികൾ ആവശ്യപ്പെടുന്നതായി പരാതിയുണ്ട്.